അവധിക്കാലത്ത് വീടിന് മുന്നിലെ റോഡരുകില്‍ ചെറിയ പെട്ടിക്കട നടത്തിയ കുട്ടിക്കാലം ഏറെ പേര്‍ക്കുമുണ്ടാകും. ഓണാവധി, ക്രിസ്മസ് അവധിയേക്കാള്‍ കൂടുതല്‍ ഇത്തരം ബിസിനസ് സംരംഭങ്ങളിലേക്ക് കുട്ടികള്‍ കടക്കുന്നത് വേനലവധിക്കാലത്താണ്. മറ്റ് അവധികളെക്കാള്‍ നീണ്ട അവധി ദിവസങ്ങളും പുതിയ അധ്യയന വര്‍ഷം പുതിയ ക്ലാസിലേക്ക് കയറിച്ചെല്ലുമ്പോള്‍ സ്വന്തമായി ചെറുതെങ്കിലും ഒരു സമ്പാദ്യം ഉണ്ടെന്ന ചെറുതല്ലാത്ത അഹങ്കാരത്തോടെയുമാകും മിക്കവരും അപ്പോള്‍. എന്നാല്‍, ഇന്ന് അത്തരം കുട്ടിക്കടകള്‍ വളരെ അപൂര്‍വ്വമാണ്. നഗരങ്ങളില്‍ പോയിട്ട് ഗ്രാമങ്ങളില്‍ പോലും അത്തരം കുട്ടി സംരംഭങ്ങള്‍ കുറവാണ്. എന്നാല്‍ അത്തരമൊരു സംരംഭം, അതും ബെംഗളൂരു നഗരത്തില്‍ നടത്തിയ കുട്ടികള്‍ ഇന്ന് സാമൂഹിക മാധ്യമങ്ങളിലെ താരങ്ങളാണ്.
ആയുഷി കുച്‌റൂ എന്ന ട്വിറ്റർ ഉപഭോക്താവാണ് ബെംഗളൂരു ഇന്ദിരാനഗര്‍ റെസിഡൻഷ്യൽ ഗേറ്റിന് പുറത്ത് നാരങ്ങാ വെള്ളം വിറ്റ് സമ്പാദ്യശീലം വളര്‍ത്തുന്ന കുട്ടികളുടെ ചിത്രങ്ങള്‍ പങ്കുവച്ചത്. ചെറിയൊരു മരക്കുറ്റിയും ഒരു ചെറിയ മേശയും പണം സൂക്ഷിക്കാന്‍ ഒരു ബോക്സും പിന്നെ മേശപ്പുറത്ത് മൂന്നാല് കുപ്പി നാരങ്ങവെള്ളവുമാണ് ആകെയുള്ളത്. നാരങ്ങ വെള്ളത്തിന് 10 രൂപയെന്ന് പേപ്പറില്‍ എഴുതി വച്ചിട്ടുണ്ട്. മൂന്ന് കുട്ടികളാണ് കട നടത്തുന്നത്. കൈ കൊണ്ട് എഴുതിയ ഒരു പേപ്പറില്‍ ഓരോ പർച്ചേസിനും 5 രൂപ കിഴിവും എന്നാല്‍ ഐസിന് അധിക ചാര്‍ജ്ജ് ആയി 5 രൂപയും ആവശ്യപ്പെടുന്നു.
‘ബോറടിച്ചതിനാല്‍ ഇന്ദിരാനഗറിലെ തെരുവില്‍ നാരങ്ങാവെള്ളം വിൽക്കുന്ന ഇവരാണ് എന്‍റെ ഈ ദിവസത്തിന്‍റെ ഹൈലൈറ്റ്. വ്യാപാരം എന്ന കല പഠിക്കാന്‍ ഏറ്റവും നല്ല പ്രായമാണിത്. വളരെ ഏറെ ഇഷ്ടപ്പെട്ടു’ ആയുഷി ചിത്രത്തോടൊപ്പം കുറിച്ചു. ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ട്വിറ്ററില്‍ വൈറലായി. കുട്ടികളുടെ സമ്പാദ്യ ശീലത്തെ കുറിച്ച് നിരവധി പേര്‍ കുറിപ്പുകളെഴുതി. കുട്ടികളുടെ സംരംഭകത്വത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്. കുട്ടികള്‍ വളരെ പ്രഫഷണലാണെന്നും അവര്‍ക്ക് വ്യാപാരതന്ത്രങ്ങള്‍ ഇതിനകം അറിയാമെന്നും ചിലരെഴുതി. വില വിവരപ്പട്ടിക ഇതിന് തെളിവായി ആളുകള്‍ ചൂണ്ടിക്കാട്ടി.