തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പിന്‍റെ വ്യാപ്തി കൂടുന്നു. നടന്നത് ആസൂത്രിതമായ തട്ടിപ്പ് എന്നതിന് പോലീസിന് നിരവധി തെളിവുകൾ കിട്ടി.29 പേരിൽനിന്ന് ഒരുകോടി 85 ലക്ഷം രൂപ തട്ടി എന്നത് ദിവ്യ നായരുടെ ഡയറിയിൽ നിന്ന് പോലീസിന് കിട്ടിയ വിവരം. ശ്യാംലാലും പണം നേരിട്ട് വാങ്ങി. ഉദ്യോഗാർഥികളെ ടൈറ്റാനിയത്തിൽ എത്തിച്ചിരുന്നത് ശ്യാംലാൽ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ടൈറ്റാനിയത്തിൽ ഇൻറർവ്യൂനായി എത്തിയവരെ വിശ്വസിപ്പിക്കാൻ വേണ്ടതെല്ലാം ശശികുമാരൻ തമ്പി ചെയ്തെന്നും പൊലീസ് പറയുന്നു.
കേസിലെ പ്രതി ദിവ്യ നായരുടെ ഭർത്താവ് രാജേഷ്, പ്രേംകുമാർ ,ശ്യാംലാൽ, ശശികുമാരൻ തമ്പി ഉൾപ്പെടെ മറ്റ് പ്രതികൾ ഒളിവിലാണ് . ഇവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. അതിനിടെ ടൈറ്റാനിയം ലീഗൽ ജനറൽ മാനേജർ ശശികുമാരൻ തമ്പിയെ ടൈറ്റാനിയം സസ്പെൻഡ് ചെയ്തേക്കും.
പണം നഷ്ടപ്പെട്ടവർ കൂട്ടത്തോടെ പരാതി കൊടുക്കാൻ ഒരുങ്ങുകയാണ്. വിവിധ സ്റ്റേഷനുകളിലായാകും പരാതി ഫയൽ ചെയ്യുക.നിലവിൽ വെഞ്ഞാറമൂട്,കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനുകളിലാണ് എഫ്ഐആർ.കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് പൂജപ്പുര പൊലീസ് അന്വേഷിക്കുന്നത്.