ബംഗളൂരു: ബെംഗളുരുവിൽ കുടുങ്ങിയ ഇതര സംസ്ഥാനത്തൊഴിലാളികൾ അടക്കമുള്ളവർക്ക് ആശ്വാസം. മൂന്ന് ട്രെയിനുകൾ ഇന്ന് എസ്‍എംവിടി സ്റ്റേഷനിൽ നിന്ന് പുറപ്പെടും. ജാർഖണ്ഡിലേക്ക് ഒരു ട്രെയിനും ഹൗറയിലേക്ക് രണ്ട് ട്രെയിനുകളുമാണ് സർവീസ് നടത്തുക. സർവീസ് ടാറ്റാ ജങ്ഷൻ, ഖരഗ്‍പൂർ എന്നീ സ്റ്റേഷനുകൾ വഴിയായിരിക്കും ട്രെയിൻ പോകുക. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഇന്ന് ഇവിടെ നിന്ന് ട്രെയിനുകളില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോകണ്ടവർക്ക് ഹൗറ എക്സ്പ്രസിൽ കയറി, അവിടെ നിന്ന് മാറിക്കയറാം.
ഒഡിഷ ട്രെയിൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുമായുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിൽ എത്തി. 250 പേർ അടങ്ങുന്ന സംഘമാണ് ചെന്നൈയിൽ എത്തിയത്. എത്തിയവരിൽ പരിക്കുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. കേരളത്തിൽ നിന്നുള്ള നിരവധി പേരും സംഘത്തിലുണ്ട്. തമിഴ്നാട് റവന്യൂ മന്ത്രി കെകെഎസ്എസ് രാമചന്ദ്രൻ, ആരോഗ്യമന്ത്രി എംഎ സുബ്രഹ്മണ്യം എന്നിവർ ചേർന്ന് എത്തിയവരെ സ്വീകരിച്ചു. ട്രെയിൻ ദുരന്തത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തുമെന്ന് റെയിൽവേ പ്രഖ്യാപിച്ചു.
ഒഡീഷ ട്രെയിൻ ദുരന്തത്തിന് കാരണമായത് പോയിന്റ് സംവിധാനത്തിലെ പിഴവെന്ന് സൂചന. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇൻസ്പക്ഷൻ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടുണ്ട്. മെയിൻ ലൈനിൽ നിന്ന് ലൂപ്പ് ലൈനിലേക്ക് ട്രെയിൻ നീങ്ങിയത് തെറ്റായ പോയിന്റിംഗ് മൂലമെന്നാണ് വിവരം. പോയിന്റ് സംവിധാനത്തിൽ കഴിഞ്ഞ ദിവസം നടന്ന അറ്റകുറ്റപ്പണി തിരിച്ചടി ആയോയെന്നാണ് പരിശോധിക്കും. കോറമാണ്ഡൽ എക്സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇദ്ദേഹം പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.
288 പേരുടെ മരണത്തിനും 1000 ലേറെ പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ അപകടവുമായി ബന്ധപ്പെട്ട അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് റയിൽവേ അറിയിച്ചു. അന്വേഷണം സിഗ്നലിംഗിലെ പിഴവ് കേന്ദ്രീകരിച്ചാണെന്നാണ് വിവരം. അതിനിടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.