കോഴിക്കോട് : കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. ദില്ലിയിൽ ചോദ്യം ചെയ്യൽ നീളുകളാണ്. ഇന്നലെ അഞ്ച് പേരെ ചോദ്യം ചെയ്തു. മൂന്ന് പേർക്കു കൂടി ചോദ്യം ചെയ്യലിന് നോട്ടീസിൽ നൽകിയതായാണ് പുറത്തു വരുന്ന വിവരം. അതേസമയം അന്വേഷണസംഘം പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി. സാക്ഷികളെ ഉൾപ്പെടെ കോഴിക്കോട് പൊലീസ് ക്യാമ്പിലെത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. കേസില്‍ സാക്ഷികളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ഷാറൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുകയാണ്. ആക്രമണ സമയത്ത് ഇയാൾ ധരിച്ചിരുന്നത് ചുവന്ന ഷർട്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ നൽകിയ മൊഴി. എന്നാൽ കണ്ണൂരിൽ വന്നിറങ്ങുമ്പോൾ ഇയാളുടെ വസ്ത്രം വേറെയായിരുന്നു എന്നതാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ട്രെയിനിനകത്ത് വെച്ച് ഇയാൾ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.