ഹൈദരബാദ്: കാണാതായ എട്ട് വയസുകാരന്‍റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ബക്കറ്റിലടച്ച് കാനയിലെറിഞ്ഞ നിലയില്‍. വ്യാഴാഴ്ചയാണ് ഹൈദരബാദില്‍ നിന്ന് എട്ട് വയസുകാരനെ കാണാതായത്. സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ് ജെന്‍ഡറുടെ വീട് നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. നരബലി ആരോപിച്ചാണ് നാട്ടുകാര്‍ ട്രാന്‍സ് ജെന്‍ഡറുടെ വീട് തകര്‍ത്തത്. എന്നാല്‍ സംഭവം നരബലിയാണെന്ന ആരോപണം ഹൈദരബാദ് പൊലീസ് തള്ളി.
എട്ട് വയസുകാരനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഇമ്രാന്‍ അലി ഖാന്‍ എന്ന ട്രാന്‍സ് ഡെന്‍ഡറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം നടന്നതായി സംശയിക്കുന്ന സ്ഥലത്ത് നരബലിയുടെ സൂചനകള്‍ പോലും കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഹൈദരബാദിലെ സന്നദ് നഗറിലെ അല്ലാദീന്‍ കോട്ടിയിലാണ് സംഭവം. കുട്ടിയെ കാണാതായി ഏതാനും മണിക്കൂറുകള്‍ തിരഞ്ഞ് കണ്ടെത്താതെ വന്നതോടെയാണ് രാത്രി പൊലീസില്‍ പരാതി നല്‍കിയത്.
അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതിലാണ് കാണാതായ എട്ട് വയസുകാരന്‍ ഇമ്രാന്‍റെ വീടിന് അടുത്തേക്ക് പോവുന്നത് കണ്ടത്. പിന്നീട് പ്ലാസ്റ്റിക് ബാഗുമായി ഇമ്രാന്‍ പുറത്തേക്ക് പോവുന്നതും പൊലീസ് കണ്ടെത്തിയിരുന്നു. ഓട്ടോറിക്ഷയിലാണ് ഈ പ്ലാസ്റ്റിക് ബാഗ് കൊണ്ടുപോയത്. ഓട്ടോ ഡ്രൈവറേയും ഇമ്രാനേയും പൊലീസ് ചോദ്യം ചെയ്തതിലാണ് കുറ്റവാളിയെ കണ്ടെത്തിയത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസിനോട് ഇയാള്‍ വിശദമാക്കി.
ഓട്ടോറിക്ഷ ഡ്രൈവറോട് മാലിന്യം കളയാനായി കൊണ്ടുപോകാനാണ് എന്ന് പറഞ്ഞാണ് ഇമ്രാന്‍ വിളിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. മരിച്ച കുട്ടിയുടെ പിതാവുമായി ഇമ്രാന് സാമ്പത്തിക തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതിലെ പ്രതികാരമായാണ് കൊലപാതകമെന്നാണ് പൊലീസ് വിശദമാക്കുന്നത്.