ബംഗളൂരു: ബംഗളൂരുവിനെയും കോയമ്പത്തൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബി.ആർ.ടി കടുവ സങ്കേതത്തിലൂടെയുള്ള രണ്ടു പാതകളിലും രാത്രിയാത്ര നിരോധിക്കും. ബംഗളൂരു -കോയമ്പത്തൂർ ദേശീയപാതയുടെ ഭാഗമായ (എൻ.എച്ച്-958) തമിഴ്നാടിന്‍റെ സത്യമംഗലം കടുവ സങ്കേതത്തിലൂടെയുള്ള ബന്നാരി -ദിംബം വഴിയുള്ള പാതയിൽ വ്യാഴാഴ്ച മുതൽ രാത്രിയാത്ര നിരോധിക്കാൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടതോടെയാണ് കർണാടകയുടെ ഭാഗത്തേ റോഡും രാത്രിയിൽ അടച്ചിടുക. വ്യാഴാഴ്ച മുതല്‍ ഉത്തരവ് നടപ്പാക്കാൻ ഈറോഡ് കലക്ടര്‍ക്കും സംസ്ഥാന വന്യജീവി വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സത്യമംഗലം വനമേഖലയിലെ ബന്നാരി മുതല്‍ കാരപ്പള്ളം വരെയുള്ള ഭാഗത്താണു നിരോധനം. ചരക്കു വാഹനങ്ങള്‍ക്കു രാത്രി മുഴുവനും, ചെറുവാഹനങ്ങള്‍ക്കു രാത്രി ഒമ്പതു മുതല്‍ രാവിലെ ആറു വരെയുമാണ് വിലക്ക്. തമിഴ്നാടിന്‍റെ ഭാഗത്തുള്ള സത്യമംഗലം കടുവ സങ്കേതത്തിലെ റോഡ് രാത്രിയിൽ അടക്കുന്നതോടെ അതിനോട് ചേർന്നുള്ള കർണാടകയുടെ ബി.ആർ.ടി (ബിലിഗിരി രംഗനാഥ സ്വാമി ടെമ്പിൾ കടുവ സങ്കേതം) കടുവ സങ്കേതത്തിലൂടെയുള്ള രണ്ടു പാതകളിൽ കൂടി രാത്രിയാത്ര നിരോധനം ഏർപ്പെടുത്തേണ്ടിവരുമെന്നും അല്ലെങ്കിൽ കർണാടക അതിർത്തിയിലെ വനമേഖലയിൽ രാത്രിയിൽ വാഹനങ്ങൾ കുടുങ്ങികിടക്കുന്ന സാഹചര്യമുണ്ടാകുമെന്നുമാണ് അധികൃതർ ചൂണ്ടികാണിക്കുന്നത്.
രാത്രിയാത്ര നിരോധനം ഏർപ്പെടുത്താനുള്ള നിർദേശം സർക്കാരിന് നൽകുമെന്നും കർണാടക വനംവകുപ്പ് അധികൃതർ അറിയിച്ചു. ബി.ആർ.ടി കടുവ സങ്കേതത്തിന്‍റെ രണ്ടു ഭാഗങ്ങളിലൂടെയാണ് ദേശീയപാത 958 (നേരത്തെ എൻ.എച്ച് 209) കടന്നുപോകുന്നത്. പുനജനൂർ വഴി 19 കിലോമീറ്ററും പൊളിപാളയ വഴി 15 കിലോമീറ്ററുമാണ് ബി.ആർ.ടി കടുവ സങ്കേതത്തിലൂടെ കടന്നുപോകുന്നത്. ഇവ രണ്ടുമായിരിക്കും രാത്രിയിൽ അടച്ചിടുക. കോയമ്പത്തൂരിനും ബംഗളൂരുവിനും ഇടയിലെ ചരക്കുനീക്കം ഉൾപ്പെടെ നടക്കുന്ന പ്രധാനപാതയാണിത്.
ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തിരിച്ചും സ്വകാര്യ വാഹനങ്ങളിൽ ഉൾപ്പെടെ നിരവധി പേർ യാത്ര ചെയ്യുന്ന പാതയിലാണ് രാത്രിയാത്ര നിരോധനമെന്നത് മലയാളികൾക്കും തിരിച്ചടിയാണ്. ബന്ദിപ്പൂർ വനത്തിലൂടെയുള്ള മൈസൂരു-ഊട്ടി പാതയിലും മൈസൂരു-സുൽത്താൻ ബത്തേരി- കോഴിക്കോട് പാതയിലും നാഗർഹോളെ വനത്തിലൂടെയുള്ള മൈസൂരു- ബാവലി- മാനന്തവാടി പാതയിലും രാത്രിയാത്രാ നിരോധനമുണ്ട്.