ജനിച്ചു വീഴുന്ന കുഞ്ഞിന് പോലും മൊബൈല്‍ഫോണ്‍ കൊടുക്കുന്ന കാലമാണിത്. കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കണമെങ്കിൽ മൊബൈൽ ഫോണ്‍ കൊടുക്കേണ്ട അവസ്ഥയാണ് പല മാതാപിതാക്കള്‍ക്കും. മൊബൈല്‍ ഫോണിലും സമൂഹ മാധ്യമങ്ങളിലും കുട്ടികള്‍ ഏറെസമയം ചെലവഴിക്കുന്നത് ഒട്ടും നന്നല്ല. കുട്ടികളിലെ ഈ ഫോണ്‍ അഡിക്ഷന്‍ കുറയ്ക്കാന്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
കുട്ടികളെ പുറത്തു കളിക്കാന്‍ വിടുക. വീട്ടില്‍ തന്നെ അടച്ച് ഇരുത്തുമ്പോഴാണ് അവര്‍ക്ക് മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കാനുള്ള ത്വര വരുന്നത്. ഔട്ട്‌ഡോർ ഗെയിമുകളും ശാരീരിക പ്രവർത്തനങ്ങളും അവരുടെ ശരീരത്തിന്‍റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഫോണ്‍ ഉപയോഗം കുറയ്ക്കാനും ഗുണം ചെയ്യും. ഇതിനായി നീന്തൽ, സൈക്ലിംഗ്, ആയോധന കലകൾ, ബാസ്‌ക്കറ്റ്‌ബോൾ, ടെന്നീസ് പോലുള്ള സ്‌പോർട്‌സും പരീക്ഷിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
രണ്ട്…
ഗാര്‍ഡനിങ് അഥവാ പൂന്തോട്ടപരിപാലനം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മൊബൈല്‍ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ മാത്രമല്ല, പ്രകൃതിയുമായി ഇടപഴകുന്നത് അവരുടെ വൈജ്ഞാനിക കഴിവുകൾ വർദ്ധിപ്പിക്കാനും സഹായിക്കും. ഇതിനായി വീട്ടില്‍ ചെറിയ ഒരു പൂന്തോട്ടം തയ്യാറാക്കാം.
മൂന്ന്…
കുട്ടികളില്‍ വായന ശീലം വളര്‍ത്തിയെടുക്കുക. ഇതും ഫോണിന്‍റെ അമിത ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും. കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കാനും ഇത് ഗുണം ചെയ്യും. ഇതിനായി കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള നല്ല പുസ്തകങ്ങള്‍ വാങ്ങി നല്‍കുക. നല്ല സന്ദേശങ്ങളും ഗുണപാഠവുമുള്ള പുസ്തകങ്ങള്‍ വാങ്ങാനും ശ്രദ്ധിക്കുക. അവര്‍ക്കൊപ്പം ഇരുന്ന് മാതാപിതാക്കള്‍ തന്നെ പുസ്തകങ്ങള്‍ വായിച്ചു കൊടുക്കുന്നതും നല്ലതാണ്. കുട്ടികളെ അടുത്തുള്ള ലൈബ്രറിയിൽ ചേര്‍ക്കുന്നതും നല്ലൊരു വഴിയാണ്.
നാല്…
കുട്ടികളെ കലാകായിക മേഖലയില്‍ വ്യാപൃതരായിരിക്കാന്‍ പ്രേരിപ്പിക്കുക. എഴുത്ത്, ചിത്ര രചന, സംഗീതം, നൃത്തം, അങ്ങനെ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുക.
അഞ്ച്…
സാമൂഹിക സേവനവും സന്നദ്ധപ്രവർത്തനവും പ്രോത്സാഹിപ്പിക്കുക. കുട്ടികളെ ചെറുപ്പം മുതലേ സഹാനുഭൂതിയും അനുകമ്പയും പഠിപ്പിക്കണം. കമ്മ്യൂണിറ്റി സേവന സംരംഭങ്ങളിലോ സന്നദ്ധ പ്രവർത്തനങ്ങളിലോ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ഇത് സ്മാർട്ട്ഫോണുകളെ ആശ്രയിക്കുന്നത് കുറയ്ക്കുക മാത്രമല്ല, കുട്ടികളില്‍ ലക്ഷ്യബോധവും പരോപകാരബോധവും വളർത്തുകയും ചെയ്യുന്നു.