കൊച്ചി ∙ എറണാകുളം എസ്‌സിഎസ്ടി പോസ്റ്റ് മെട്രിക് ബോയ്സ് ഹോസ്റ്റലിൽ അന്തേവാസിയായ ഹോക്കി താരത്തെ സർക്കാർ വാഹനം ഇടിച്ചിട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. രണ്ടു കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. വണ്ടികൊണ്ട് ഇടിച്ചു തെറിപ്പിച്ചെന്ന ഡ്രൈവർ ഷാജിക്കെതിരായ വിദ്യാർഥിയുടെ പരാതിയിലും പട്ടികജാതി വികസന ഓഫിസർ കെ.സന്ധ്യയുടെ പരാതിയിൽ വിദ്യാർഥിക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഡ്രൈവർക്കെതിരെ 324–ാം വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം വിദ്യാർഥിക്കെതിരെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് ഹോസ്റ്റൽ ഗേറ്റിൽ വിദ്യാർഥിക്കു നേരെ സർക്കാർ ഡ്രൈവർ വാഹനം ഇടിച്ചു കയറിയത്. എറണാകുളം സെന്റ് ആൽബർട്സ് കോളജിലെ വിദ്യാർഥിയായ കെ.പി.അഭിജിത്തിനെ ഹോസ്റ്റലിൽനിന്നു പുറത്താക്കുമെന്നു പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു പ്രതിഷേധം. നേരത്തെ ഇവിടെ അന്വേഷണ വിധേയമായി പുറത്താക്കിയ ഹോസ്റ്റൽ വാർഡൻ സുഭാഷിനെ നിരുപാധികം തിരിച്ചെടുക്കുമെന്നും ജില്ലാ ഓഫിസർ പറഞ്ഞിരുന്നു. ഇതോടെ വാഹനം പുറത്തു വിടില്ലെന്നും തന്നെ പുറത്താക്കുന്നതിൽ വിശദീകരണം വേണമെന്നും ആവശ്യപ്പെട്ട് അഭിജിത്ത് വാഹനത്തിനു മുന്നിൽ കയറി നിൽക്കുകയായിരുന്നു.
വാഹനം തടഞ്ഞതിനെ തുടർന്ന് ആദ്യം വിദ്യാർഥിയെ ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് അടിക്കാൻ ശ്രമിക്കുകയും പിന്നീട് വാഹനം മുന്നോട്ടെടുത്ത് ഇടിപ്പിക്കുകയുമായിരുന്നു. ഗേറ്റിനടക്കം ഇടിയേറ്റ അഭിജിത്ത് അരമണിക്കൂറിലെറെ വഴിയിൽ കിടന്നിട്ടും ആശുപത്രിയിൽ എത്തിക്കുന്നതിനോ ചികിത്സ നൽകുന്നതിനൊ ജില്ലാ ഓഫിസർ ഉൾപ്പെടെയുള്ളവർ തയാറായില്ല. തുടർന്നാണ് നാട്ടുകാർ എത്തി ആംബുലൻസ് വിളിച്ച് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ജില്ലാ ഓഫിസറും എറണാകുളം ജനറൽ ആശുപത്രിയിൽ എത്തി ചികിത്സ തേടിയിരുന്നു.