കൊച്ചി> പ്രായപൂർത്തിയാകാത്ത സഹോദരനിൽനിന്ന് ഗർഭിണിയായ പന്ത്രണ്ടുകാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി നൽകാതെ ഹൈക്കോടതി. ഗർഭാവസ്ഥ 34 ആഴ്ച പിന്നിട്ടതിനാൽ രണ്ടാഴ്ചകൂടി കഴിഞ്ഞ് സിസേറിയനാണോ സാധാരണപ്രസവമാണോ വേണ്ടതെന്ന് ഡോക്ടർമാരുമായി കൂടിയാലോചിച്ച് ഹർജിക്കാർക്ക് തീരുമാനിക്കാം. ഇതിനുള്ള സഹായങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഒരുക്കണമെന്ന് ഹർജി പരിഗണിച്ച ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
സഹോദരനിൽനിന്ന് പെൺകുട്ടി ഗർഭിണിയായ വിവരം അറിയാൻ ഏറെ വൈകിയെന്നും ഗർഭച്ഛിദ്രം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. ഗർഭസ്ഥശിശുവിന് പൂർണ ആരോഗ്യമുണ്ടെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിഗണിച്ച കോടതി, ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭാവസ്ഥ തുടരുന്നത് ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.