എലോൺ മസ്കിന്‍റെ പുതിയ നിലപാടിൽ അതൃംപ്തി അറിയിച്ച് ട്വിറ്റർ ജീവനക്കാർ. മാസങ്ങൾ നീണ്ട നിയമതർക്കങ്ങൾക്കാണ് മസ്ക് തുടക്കമിട്ടിരിക്കുന്നത്. ട്വിറ്റർ വാങ്ങുന്നത് സംബന്ധിച്ച കരാർ അവസാനിപ്പിക്കുകയാണെന്ന് എലോൺ മസ്‌ക് പറഞ്ഞതിന് പിന്നാലെയാണ് ട്വിറ്ററിലെ ജീവനക്കാർ അതൃംപ്തിയും അവിശ്വാസവും പ്രകടിപ്പിച്ചത്. സ്പാം അക്കൗണ്ടുകളെക്കുറിച്ചുള്ള ഡാറ്റ കൈമാറുന്നതിൽ പരാജയപ്പെട്ടതും ചില എക്സിക്യൂട്ടീവുകളെയും റിക്രൂട്ടർമാരെയും വിട്ടയച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പിൻമാറ്റത്തിന് കാരണമായി മസ്ക് ചൂണ്ടിക്കാട്ടുന്നത്. ഏപ്രിലിൽ ഉണ്ടാക്കിയ 44 ബില്യൺ ഡോളറിന്റെ (ഏകദേശം 3,49,060 കോടി രൂപ) ലയന കരാറിലെ ഒന്നിലധികം വ്യവസ്ഥകൾ ട്വിറ്റർ ലംഘിച്ചതായും മസ്‌ക് ചൂണ്ടിക്കാട്ടി. കരാർ നടപ്പാക്കാനുള്ള നിയമനടപടി സ്വീകരിക്കാൻ ബോർഡ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്വിറ്റർ ചെയർമാൻ അറിയിച്ചു. 2021 അവസാനത്തോടെ ട്വിറ്ററിൽ ജീവനക്കാരുടെ എണ്ണം 7,500-ലധികം ആയതും മസ്ക് ചൂണ്ടിക്കാട്ടിയിരുന്നു.
വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ ട്വീറ്റർ നൽകുന്നില്ലെന്ന് എലോൺ മസ്ക് മുൻപ് പറഞ്ഞിരുന്നു. അതുകൊണ്ട് ട്വീറ്റർ ഏറ്റെടുക്കാനുള്ള കരാറിൽ നിന്ന് താൻ പിന്മാറുമെന്ന് മസ്ക് നേരത്തെ സൂചിപ്പിച്ചിരുന്നു. അന്ന് ആകെയുള്ള അക്കൗണ്ടിൽ അഞ്ചു ശതമാനത്തിൽ താഴെയാണ് ട്വീറ്ററിലെ വ്യാജ അക്കൗണ്ടെന്നായിരുന്നു ട്വീറ്ററിന്റെ സ്ഥീരികരണം. എന്നാലത് തെറ്റാണെന്നും 20 ശതമാനത്തോളം വ്യാജ അക്കൗണ്ടുണ്ട് എന്നുമാണ് മസ്ക് പറഞ്ഞത്.
ട്വിറ്റർ അക്കൗണ്ടുകളിലെ വ്യാജന്റെയും യഥാർഥ അക്കൗണ്ടുകളുടെയും കണക്ക് കൊടുത്തില്ല എങ്കിൽ കമ്പനി വാങ്ങാനുള്ള കരാറിൽ നിന്ന് പിന്മാറുമെന്നാണ് അഭിഭാഷകൻ മുഖേന അയച്ച മെയിലിൽ മസ്ക് പറഞ്ഞിരുന്നു. ട്വിറ്ററിന് ഗുരുതരമായ സാങ്കേതിക പ്രശ്‌നമുണ്ടെന്നും ആരോപിച്ചിരുന്നു. കരാറിൽ മാറ്റങ്ങൾ വരുത്തുന്നതിനോ അല്ലെങ്കിൽ കരാറിൽ നിന്നു തന്നെ പിന്മാറാനോ ആണ് മസ്ക് ഇത്തരത്തിൽ രംഗത്ത് വന്നിരിക്കുന്നതെന്നാണ് അന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയത്. മസ്കിന്റെ നീക്കം ട്വീറ്ററിന്റെ വിപണിയെ സാരമായി ബാധിച്ചു. ട്വീറ്ററിലെ ഏറ്റവും വലിയ ഓഹരി ഉടമ താനാണെന്നാണ് മസ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അന്ന് മുതൽ കുത്തനെ താഴേക്കു പോകുന്ന ഓഹരിവില മസ്കിന്റെ കടമെടുക്കലിനെയും ബാധിച്ചു. ഓഹരി മൂല്യങ്ങളുടെ 25 ശതമാനമേ മസ്കിന് കടമായ എടുക്കാൻ കഴിയൂ. കഴിഞ്ഞ ദിവസം ജീവനക്കാരുടെ എണ്ണം വർധിപ്പിച്ച്, നിലവിലെ ശമ്പളത്തിൽ കുറവ് വരുത്തുമെന്ന മസ്കിന്റെ തീരുമാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തെ സംബന്ധിച്ച വിവരങ്ങൾ മസ്‌കുമായി പങ്കുവെച്ചിട്ടുണ്ടെന്നായിരുന്നു ട്വീറ്ററിന്റെ വാദം.