തിരുവനന്തപുരം : ആര്യങ്കോട് പോലീസ് സ്റ്റേഷനിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. വാഴിച്ചല്‍ സ്വദേശിയായ അനന്തു, കാട്ടാക്കട സ്വദേശിയായ നിധിന് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും 20 വയസ്സാണ്. ചെമ്പൂരിലെ സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ ഇരുവരുടെയും വീട്ടല്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനെ തുടന്നാണ് ഇവര്‍ സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത്. ഇരുവരുടെയും സുഹൃത്ത് ശ്രീജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടികള്‍ പോലീസ് കണ്ടെത്തി. പോലീസിനെ കണ്ട് ശ്രീജിത്ത് ഓടി. ഇയാള്‍ക്കെതിരെ പ്രത്യേകം കേസെടുത്തിട്ടുണ്ട്.
ഒപ്പം പഠിക്കുന്ന പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ നല്‍കാത്തതിന്റെ പേരിലാണ് ചെമ്പൂരിലെ വിദ്യാര്‍ത്ഥികളെ ഇവര്‍ മര്‍ദ്ദിച്ചത്. ഇതില്‍ അന്വേഷണം നടത്തുന്ന പോലീസ് സംഘം ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തിയതിലുള്ള വിരോധത്തിലാണ് സ്റ്റേഷന് പെട്രോള്‍ ബോംബെറിഞ്ഞത്. നേരത്തേ കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് അനന്തുവെന്ന് പോലീസ് പറഞ്ഞു.