പാലക്കാട്: ചെർപ്പുളശ്ശേരി കുറ്റിക്കോട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടുപേർ മരിച്ചു. പെരിന്തൽമണ്ണ ഏലംകുളം സ്വദേശികളായ പുത്തൻ വീട്ടിൽ ശ്രീനാഥ് (35) തോട്ടശ്ശേരി വീട്ടിൽ മനോജ് (35) എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കുണ്ട്. ഒരാളുടെ നില ഗുരുതരം. ചെർപ്പുള്ള ശ്ശേരിയിൽ നിന്നും ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിൽ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. വൈകിട്ട് 5.30 ന് കുറ്റികോട് ഇറക്കത്തിൽ വച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻവശം പൂർണ്ണമായും തകർന്നു. ചെർപ്പുളശ്ശേരി സി ഐ ടി ശശികുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
അതേസമയം തൃശ്ശൂര്‍ ആറാട്ടുപുഴയില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു, ഭാര്യ സന്ധ്യ, പേരക്കുട്ടി സമര്‍ഥ് എന്നിവരാണ് മരിച്ചത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആറാട്ടുപുഴ പാലത്തിന് അടിയിലൂടെയുള്ള കൊക്കരിപ്പള്ളം ബണ്ട് റോഡില്‍ നിന്നാണ് കാര്‍ പുഴയിലേക്ക് മറിഞ്ഞത്. തൊട്ടടുത്ത റിസോര്‍ട്ടില്‍ വിവാഹത്തിന് പോവുകയായിരുന്നു രാജേന്ദ്രബാബുവും കുടുംബവും. ഭാര്യ സന്ധ്യ, മകന്‍ ശരത്, ചെറുമകന്‍ സമര്‍ഥ് എന്നിവരായിരുന്നു വാഹനത്തിലൊപ്പമുണ്ടായിരുന്നത്. നിയന്ത്രണം വിട്ട് കല്‍ക്കെട്ടിലുണ്ടായിരുന്ന അപായ സൂചനാ ബോര്‍ഡും തകര്‍ത്താണ് കാര്‍ പുഴയിലേക്ക് പതിച്ചത്. വാഹനത്തിലുണ്ടായിരുന്ന ശരത് നീന്തിക്കയറി. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ പുഴയിലേക്ക് ചാടിയെങ്കിലും 20 അടിയോളം താഴ്ചയിലായതിനാല്‍ കാര്‍ ഉയര്‍ത്താനായില്ല.
അരമണിക്കൂറിന് ശേഷം പാതാളക്കരണ്ടി എത്തിച്ച് കയര്‍ കെട്ടി കാര്‍ ഉയര്‍ത്തുമ്പോഴേക്കും കാറിലുണ്ടായിരുന്ന അറുപത്തിയാറുകാരന്‍ രാജേന്ദ്രബാബുവും ഭാര്യ സന്ധ്യയും ആറുവയസുള്ള ചെറുമകന്‍ സമര്‍ഥും അവശനിലയിലായിരുന്നു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകുന്നതിനിടമുള്ള ബണ്ട് റോഡില്‍ കൈവരി സ്ഥാപിച്ചിരുന്നില്ല. കൈവരി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.