ബംഗളൂരു: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദക്ഷിണ, പശ്ചിമ റെയിൽവേ കേരളത്തിലേക്ക് രണ്ട് സ്പെഷൽ ട്രെയിൻ അനുവദിച്ചു. എസ്.എം.വി.ബി-കൊച്ചുവേളി സ്പെഷൽ എക്സ്പ്രസ് വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പുറപ്പെട്ട് 26ന് രാവിലെ ഏഴിന് കൊച്ചുവേളിയിലെത്തും.
26ന് രാവിലെ എട്ടിന് തിരിക്കുന്ന ട്രെയിൻ രാത്രി 11.50ന് ബംഗളൂരുവിലെത്തും. കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
മംഗളൂരുവിലേക്കുള്ള സ്പെഷൽ ട്രെയിൻ എസ്.എം.വി.ബി സ്റ്റേഷനിൽനിന്നും വ്യാഴാഴ്ച വൈകീട്ട് ആറിന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 10ന് മംഗളൂരുവിലെത്തും. കേരളത്തിൽ പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. തിരിച്ച് മംഗളൂരുവിൽനിന്ന് വെള്ളിയാഴ്ച ഉച്ചക്ക് 12ന് തിരിച്ച് ശനിയാഴ്ച പുലർച്ച മൂന്നിന് ബംഗളൂരുവിലെത്തും.