തിരുവനന്തപുരം: പേട്ടയിൽ നാടോടി ദമ്പതികളുടെ മകളായ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി കൊല്ലത്ത് പിടിയിൽ. പ്രതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാൾ നേരത്തെ നിരവധി കേസുകളിൽ പ്രതിയാണ്. കുട്ടിയെ ഉപദ്രവിക്കാൻ ലക്ഷ്യമിട്ടാണ് ഇയാൾ തട്ടിക്കൊണ്ട് പോയത്. എന്നാൽ കുട്ടി കരഞ്ഞപ്പോൾ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.
സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. പേട്ട പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഡി.സി.പി നിധിൻ രാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ് മണിക്ക് കമീഷണർ മാധ്യമങ്ങളെ കാണും.ഫെബ്രുവരി 19ന് പുലർച്ചെയാണ് നാടോടി ദമ്പതികളായ ഹൈദരാബാദ് സ്വദേശികളുടെ മകളെ കാണാതായത്. ഓൾ സെയിന്റ്സ് കോളജിനും ബ്രഹ്മോസിനുമിടയിൽ പ്രധാന പാതയുടെ സമീപത്താണ് നാടിനെ നടുക്കിയ സംഭവം. ഇതര സംസ്ഥാനക്കാരുടെ ചരക്കുലോറികൾ നിർത്തിയിടുന്ന തുറസ്സായ സ്ഥലത്താണ് ദമ്പതികളും നാലുമക്കളും കഴിഞ്ഞിരുന്നത്. ബന്ധുക്കളായ അഞ്ചുപേരും ഇവർക്കൊപ്പമുണ്ടായിരുന്നു. മൂന്ന് സഹോദരങ്ങൾക്കുസമീപം കൊതുകുവലക്കുള്ളിലാണ് കുഞ്ഞിനെ ഉറങ്ങാൻ കിടത്തിയത്. പുലർച്ച 12.30ഓടെ ഇളയ മകന്റെ ബഹളം കേട്ട് ഉണർന്നപ്പോഴാണ് മകളെ നഷ്ടമായ വിവരമറിയുന്നത്. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പിതാവ് പരാതി നൽകുകയായിരുന്നു.
പൊലീസ് നടത്തിയ ഊർജിതമായ തെരച്ചിലിൽ 19 മണിക്കൂറിന് ശേഷം വൈകീട്ട് 7.15ഓടെയാണ് കൊച്ചുവേളി റെയിൽവേസ്റ്റേഷനു സമീപത്തെ ഓടയിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിക്ക് ദേഹോപദ്രവമോ കാര്യമായ പരിക്കുകളോ ഉണ്ടായിരുന്നില്ല.