കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി സ്വദേശികളായ അജി, സത്യൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി 9 മണിക്കാണ് കേസിനാസ്പദമായ സംഭവം. പ്രതികളും യുവാവിന്‍റെ ബന്ധുവും തമ്മിൽ ഉണ്ടായ വഴക്ക് അവസാനിപ്പിക്കാൻ ഇടപെട്ടതിന്റെ വിരോധത്തിലായിരുന്നു ആക്രമണം.
അജിയും, സത്യനും ചേർന്ന് യുവാവിനെ മർദ്ദിക്കുകയും, കരിങ്കല്ലുകൊണ്ട് തലക്കടിക്കുകയുമായിരുന്നു. ഇരുവർക്കുമെതിരെ കടുത്തുരുത്തി സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ രണ്ടുപേരേയും റിമാൻഡ് ചെയ്തു. അതേസമയം കോട്ടയം ഏറ്റുമാനൂരിൽ കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ഏറ്റുമാനൂർ ഓണം തുരുത്ത് സ്വദേശി മുത്തുപ്പട്ടർ എന്ന് വിളിക്കുന്ന അനിൽകുമാരിനെയാണ് തടവിലാക്കിയത്.
കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, മോഷണം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, വീട് കയറി ആക്രമണം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.