അബുദാബി: യുഎഇയില്‍ കൊവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ രണ്ടാഴ്‍ച ഓണ്‍ലൈന്‍ രീതിയില്‍ ക്ലാസുകള്‍ നടത്തും. ജനുവരി മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രണ്ടാം സെമസ്റ്റര്‍ ക്ലാസുകള്‍ ആരംഭിക്കാനിരിക്കവെയാണ് ആദ്യം രണ്ടാഴ്‍ച ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കുമെന്ന് ചൊവ്വാഴ്‍ച സര്‍ക്കാര്‍ വക്താവ് അറിയിച്ചത്. രാജ്യത്തെ സ്‍കൂളുകള്‍, സര്‍വകലാശാലകള്‍, ട്രെയിനിങ് സെന്ററുകള്‍ എന്നിവയ്‍ക്കെല്ലാം പുതിയ അറിയിപ്പ് ബാധകമാണെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. പുതുവര്‍ഷാരംഭം മുതല്‍ പൂര്‍ണമായും നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.
എന്നാല്‍ രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡ് കേസുകളില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇതില്‍ മാറ്റം വരുത്തിയത്. അതേസമയം സര്‍ക്കാര്‍ സ്‍കൂളുകള്‍ക്ക് മാത്രമാണോ പുതിയ തീരുമാനം ബാധകമെന്ന് വ്യക്തമായിട്ടില്ല. യുഎഇയില്‍ ഓരോ എമിറേറ്റിനും പ്രത്യേകം ദുരന്ത നിവാരണ വിഭാഗമുള്ളതിനാല്‍ അതത് എമിറേറ്റുകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങളും ഇളവുകളും പ്രത്യേകമായി പ്രഖ്യാപിക്കുകയും ചെയ്യും. അബുദാബിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‍കൂളുകളില്‍ ആദ്യ രണ്ടാഴ്‍ച ഓണ്‍ലൈന്‍ രീതിയിലായിരിക്കും പഠനമെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി അറിയിച്ചു. അതേ സമയം ദുബൈയിലെ സ്‍കൂളുകളില്‍ ജനുവരി മൂന്ന് മുതല്‍ തന്നെ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.