അബുദാബി: യു.എ.ഇ.യില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധനകളുടെ എണ്ണത്തിലും കാര്യമായ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 24 മണിക്കൂറിനിടെ നടന്ന 3,65,269 കോവിഡ് പരിശോധനകളില്‍ നിന്നുമാണ് 1002 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. 339 പേര്‍ സുഖംപ്രാപിച്ചു. 2154 പേര്‍ മരിച്ചു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 7,46,557 പേരില്‍ 7,39,616 പേര്‍ സുഖം പ്രാപിച്ചു. 4787 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 37,320 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതിനകം 22,402,346 ഡോസ് വാക്‌സിന്‍ യു.എ.ഇ.യില്‍ വിതരണം ചെയ്തു.
ക്രിസ്മസ് പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കര്‍ശന വ്യവസ്ഥകളാണ് അബുദാബിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അല്‍ ഹൊസന്‍ ഗ്രീന്‍ പാസ് ലഭിച്ചവരാണെങ്കിലും 96 മണിക്കൂറിനകം ലഭിച്ച പി.സി.ആര്‍. നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. ഹോട്ടലുകളിലും വിനോദകേന്ദ്രങ്ങളിലും നടക്കുന്ന ആഘോഷപരിപാടികളില്‍ 80 ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ആളുകള്‍ മുഖാവരണം ധരിക്കുകയും ഒന്നരമീറ്റര്‍ അകലം പാലിക്കുകയും വേണം. ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കണമെന്നും ദേശീയ അത്യാഹിത ദുരന്തനിവാരണവകുപ്പ് വ്യക്തമാക്കി.
സൗദി അറേബ്യയില്‍ 252 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 109 പേര്‍ സുഖംപ്രാപിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ച 5,51,462 പേരില്‍ 5,40,393 പേര്‍ സുഖംപ്രാപിച്ചു. ആകെ മരണം 8867. കുവൈത്തില്‍ 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെ വൈറസ് സ്ഥിരീകരിച്ച 4,14,413 പേരില്‍ 4,11,178 പേര്‍ സുഖംപ്രാപിച്ചു. ആകെ മരണം 2466.