അബുദാബി: ഗൾഫിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുര്‍ജീൽ ഹോസ്‍പിറ്റൽ ഗ്രൂപ്പിന്റെ പതിനൊന്ന് ശതമാനം ഓഹരികൾ വിറ്റഴിക്കുന്നു. നിക്ഷേപകര്‍ക്ക് വെള്ളിയാഴ്ച മുതൽ ഓഹരികൾക്കായി അപേക്ഷിക്കാം. ഒക്ടോബര്‍ നാല് വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം. ഒക്ടോബര്‍ പത്തിന് ബുര്‍ജീൽ ഹോസ്‍പിറ്റൽസ് അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും. മലയാളിയായ ഡോക്ടര്‍ ഷംഷീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ബുര്‍ജീൽ ഗ്രൂപ്പ്
ബുര്‍ജീൽ ഗ്രൂപ്പിൽ വിപിഎസ് ഹെൽത്ത് കെയറിനുള്ള മുപ്പത്തിയഞ്ച് കോടിയിലധികം ഓഹരികളും ഇരുപത് കോടിയോളം പുതിയ ഓഹരികളുമാണ് ഐപിഓ വഴി വിറ്റഴിക്കുന്നത് നിക്ഷേപകര്‍ക്ക് വെള്ളിയാഴ്ച മുതൽ ഒക്ടോബര്‍ നാലു വരെ ഓഹരികൾക്കായി അപേക്ഷ നൽകാം. കമ്പനി പുറത്ത് വിട്ട വിശദാംശങ്ങൾ പ്രകാരം ആദ്യ വിഹിതത്തിൽ പത്ത് ശതമാനം ഓഹരികളും രണ്ടാം വിഹിതത്തിൽ തൊണ്ണൂറു ശതമാനം ഓഹരികളും നിക്ഷേപകര്‍ക്ക് ലഭ്യമാക്കും.
2021ൽ 335 കോടി ദിര്‍ഹമായിരുന്നു ബുര്‍ജീൽ ഗ്രൂപ്പിന്റെ വരുമാനം. ഈ വര്‍ഷം ആദ്യ ആറുമാസം 190 കോടി ദിര്‍ഹത്തിന്റെ വരുമാനവും കമ്പനിക്കുണ്ടായി. 40 മുതൽ 70 ശതമാനം വരെയുള്ള പേ-ഔട്ട് അനുപാതത്തിന്റെ അടിസ്ഥാനത്തിൽ 2023 മുതൽ ലാഭ വിഹിതം നൽകാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 2023 ന്റെ ആദ്യ പകുതിയിലെ അറ്റാദായത്തിന്റെ അടിസ്ഥാനത്തിൽ 2023 ന്റെ രണ്ടാം പകുതിയിൽ ആദ്യ ഇടക്കാല ലാഭവിഹിതം നൽകും.
യുഎഇയിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് കമ്പനിയായ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി കഴിഞ്ഞയാഴ്ച ബുർജീൽ ഹോൾഡിംഗ്‌സിന്റെ 15 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു. യുഎഇയിലും ഒമാനിലുമായി അറുപതോളം ആരോഗ്യസേവന കേന്ദ്രങ്ങളാണ് ബുര്‍ജീൽ ഹോൾഡിങ്സിനു കീഴിലുള്ളത്.