തിരുവനന്തപുരം: സില്‍വര്‍ലൈനിനെതിരെ ജനങ്ങളുടെ പ്രതിഷേധം കത്തിപ്പടർന്നതോടെ വിഷയം സർക്കാറിനെതിരെ ശക്തമായ ആയുധമാക്കാൻ കോണ്‍ഗ്രസും യു.ഡി.എഫും. സില്‍വര്‍ലൈൻ വിരുദ്ധസമരം ജനകീയവിഷയമായതിന് പിന്നാലെ ജനകീയസംഗമവുമായി യു.ഡി.എഫ് രംഗത്തെത്തി. പദ്ധതിയിൽനിന്ന് സർക്കാർ പിൻമാറാതെ സമരത്തിൽനിന്ന് പിൻമാറില്ലെന്ന പ്രഖ്യാപനമാണ് പ്രതിപക്ഷം നടത്തിയിരിക്കുന്നത്.
പദ്ധതിക്കെതിരെ ജനങ്ങള്‍ സ്വയം രംഗത്തുവന്ന സാഹചര്യത്തില്‍ അവർക്കൊപ്പംനിന്ന് നഷ്ടമായ ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള ഒരുക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ജനങ്ങളുടെ പ്രതിഷേധം തങ്ങളുടെ പ്രചാരണം ഫലം കണ്ടതിന് തെളിവായും അവര്‍ വിലയിരുത്തുന്നു. ശാസ്ത്രസാഹിത്യപരിഷത്തിലേതുൾപ്പെടെ ധാരാളം ഇടത് അനുകൂലികൾ പദ്ധതിക്കെതിരെ സ്വീകരിച്ച നിലപാടും അവരുടെ വാദങ്ങൾക്ക് ബലംപകരുന്നു. അതിനാൽ ഇനി അൽപംപോലും പിന്നോട്ട് പോകേണ്ടെന്നാണ് യു.ഡി.എഫ് നിലപാട്. അതിനാൽ പാർട്ടിയുടെ പ്രമുഖ നേതാക്കൾ ഈ ഘട്ടത്തിൽ സി.പി.എമ്മുമായി വേദി പങ്കിടരുതെന്ന അസാധാരണ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്.
കണ്ണൂരിൽ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പ്രഫ.കെ.വി. തോമസും ശശിതരൂരും പങ്കെടുക്കാന്‍ പാടില്ലെന്ന കെ.പി.സി.സി നിലപാടും അതിെൻറ ഭാഗമാണ്. സിൽവർലൈൻ വിഷയത്തിൽ പാർട്ടിയും മുന്നണിയും ശക്തമായ സമരം നടത്തുന്ന സന്ദർഭത്തിൽ സി.പി.എം വേദിയിലെ നേതാക്കളുടെ സാന്നിധ്യം പ്രവർത്തകർക്ക് തെറ്റായ സന്ദേശം നൽകുമെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു. വർഷങ്ങൾക്ക് മുമ്പ് വിവാദമായ മെർക്കിൻസ്റ്റൻ സമരത്തിനിടെ നടന്ന ചെന്നിത്തല-ബിനോയ് വിശ്വം കൂടിക്കാഴ്ച ആ സമരത്തിെൻറ ശക്തി ചോർത്തിയ അനുഭവവും അവർക്ക് മുന്നിലുണ്ട്. പാർട്ടി മുന്നറിയിപ്പ് വകവെക്കാതെ തരൂരും തോമസും നീങ്ങുമോയെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടെങ്കിലും അക്കാര്യത്തിൽ അവരോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരിക്കും ഉണ്ടാകുക. സില്‍വര്‍ലൈന്‍ പ്രക്ഷോഭരംഗത്ത് സാധാരണക്കാരായ സ്ത്രീകളാണ് പതിവിന് വിപരീതമായി സജീവമായുള്ളത്. അത് രാഷ്ട്രീയമായി മുതലെടുക്കാൻ കഴിയണമെന്ന കാഴ്ചപ്പാടാണ് പ്രതിപക്ഷത്തിന്. പൊലീസ് അതിക്രമം ഉൾപ്പെടെ ഉയർത്തിക്കാട്ടി സർക്കാറിനെ ജനവിരുദ്ധമായി അവതരിപ്പിച്ചാൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നഷ്ടമായ സ്ത്രീപിന്തുണ തിരിച്ചുപിടിക്കാമെന്ന് യു.ഡി.എഫ് കരുതുന്നു.