ന്യൂഡൽഹി: ഒരേ സമയം രണ്ട് ബിരുദത്തിന് ചേരാൻ അവസരം ഒരുക്കി യുജിസി. അടുത്ത അധ്യയന വർഷം മുതൽ വ്യത്യസ്ത കോളജുകളിൽ ബിരുദത്തിന് ചേരാനും അവസരമുണ്ടാകും. പുതുതായി ബിരുദത്തിന് ചേരുന്നവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും രണ്ട് ബിരുദം ചെയ്യാൻ സാധിക്കും. രണ്ടാംവർഷവും മൂന്നാം വർഷവും ബിരുദം പഠിക്കുന്നവർക്ക് ഒന്നാം വർഷ കോഴ്സിന് ചേരാം.
യൂണിവേഴ്സിറ്റികളുടെയും കോളജുകളുടെയും മാനദണ്ഡങ്ങൾക്ക് വിധേയമായായിരിക്കും പ്രവേശനം. കൂടുതൽ യൂണിവേഴ്സിറ്റികൾ രണ്ട് ബിരുദം ചെയ്യാൻ വിദ്യാർഥികൾക്ക് അവസരം ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുജിസി ചെയർപേഴ്സൻ എം.ജഗദീഷ് കുമാർ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ഭാഗമായി, വിദ്യാർഥികൾ വിവിധ കഴിവുകൾ ആർജിക്കുന്നതിനാണ് രണ്ട് ബിരുദം ഒരേ സമയം ചെയ്യാൻ അവസരം ഒരുക്കുന്നത്. ഒരു കോഴ്സ് ഓൺലൈനായും രണ്ടാമത്തെ കോഴ്സ് നേരിട്ട് കോളജിൽ പോയി പഠിക്കുന്നതിനും സാധിക്കും. വിശദ മാർഗനിർദേശങ്ങൾ വൈകാതെ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.