ലണ്ടൻ : ഉയർത്തിയ യുകെ വീസ നിരക്കുകൾ ഒക്ടോബർ 4 മുതൽ പ്രാബല്യത്തിലാകുമെന്നു ബ്രിട്ടിഷ് സർക്കാർ അറിയിച്ചു. യുകെ വിദ്യാർഥി വീസയ്ക്ക് 127 പൗണ്ടും (ഏകദേശം 13,070 രൂപ) 6 മാസത്തിൽതാഴെ സന്ദർശക വീസയ്ക്ക് 15 പൗണ്ടും (ഏകദേശം 1543 രൂപ) വീതം വർധിപ്പിച്ചു. ഇതുപ്രകാരം 6 മാസ സന്ദർശകവീസയ്ക്ക് ഇനി 115 പൗണ്ടും (ഏകദേശം 11,835 രൂപ) വിദ്യാർഥി വീസയ്ക്കു 490 പൗണ്ടും (ഏകദേശം 50,428 രൂപ) നൽകണമെന്ന് യുകെ ഹോം ഓഫിസ് അറിയിച്ചു. വെള്ളിയാഴ്ചയാണു പാർലമെന്റിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിച്ചത്.
ഭൂരിഭാഗം തൊഴിൽ, സന്ദർശക വീസകളിലും 15 % വരെ നിരക്ക് ഉയരും. പഠന വീസകൾക്കും അടിയന്തര വീസ സേവനങ്ങൾക്കും 20 % ആണു വർധന. പൊതുമേഖലയിലെ ശമ്പളവർധനയ്ക്ക് അധികവരുമാനം കണ്ടെത്തുന്നതിനു വീസ നിരക്കുകൾ വർധിപ്പിക്കുമെന്നു ജൂലൈയിലാണു പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചത്. ഈ വർധനയിലൂടെ 100 കോടി പൗണ്ട് അധികവരുമാനം നേടാനാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കുടിയേറ്റക്കാർക്കാവശ്യമായ മറ്റു സേവനങ്ങളുടെയും നിരക്കു വർധിപ്പിച്ചു.