ആലുവ: ഇരുകൈകളും പുറകിൽ ബന്ധിച്ച് പെരിയാറിൽ യു.കെ.ജി വിദ്യാർഥിയുടെ സാഹസിക നീന്തൽ. തേവയ്ക്കൽ വിദ്യോദയ സ്ക്കൂളിലെ വിദ്യാർഥിയായ ഗൗതം ജിഷ്ണുവാണ് പെരിയാറിന് കുറുകെ 780 മീറ്റർ നീന്തി കടന്നത്.
കാക്കനാട് തെങ്ങോട് സ്വദേശികളും ഐ.ടി പ്രഫഷണലുകളുമായ ജിഷ്ണു – രാഖി ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തയാളാണ് അഞ്ച് വയസുകാരൻ ഗൗതം. പെരിയാറിൽ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്ന സജി വാളാശേരിയുടെ ശീക്ഷണത്തിൽ നീന്തൽ പരിശീലനം നടത്തിയാണ് സാഹസിക നീന്തൽ നടത്തിയത്. ഞായാഴ്ച്ച രാവിലെ എട്ടിന് ആലുവ മണപ്പുറം മണ്ഡപം കടവിൽ ചലചിത്രതാരം ബേസിൽ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു.
ആലുവ മണപ്പുറം ദേശം കടവിൽ നീന്തിയെത്തിയ കുട്ടിയെ ഡി.ഡി മിസ്റ്റി ഹിൽ റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളും ബേസിൽ തോമസും വാളാശ്ശേരിൽ റിവർ സ്വിമ്മിങ് ക്ലബ്ബ് അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. എതൊരാൾക്കും 16 ദിവസം കൊണ്ട് എളുപ്പത്തിൽ നീന്തൽ പഠിക്കാം എന്ന് തെളിയിക്കുവാൻ വേണ്ടിയാണ് ഇരു കൈകളും ഉപയോഗിക്കാതെ നല്ല പരിശീലനത്തോടെ ഈ അഞ്ച് വയസുകാരൻ പ്രകടനം നടത്തിയത്. ഇതോടു കൂടി ഇരുകൈകളും പുറകിൽ ബന്ധിച്ച് പെരിയാർ 780 മീറ്ററോളം കുറുകേ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഗൗതം ജിഷ്ണു.
സജി വളാശേരി 15 വർഷം കൊണ്ട് 8600 ഓളം പേരെ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുകയും അതിൽ തന്നേ 2000 ഓളം പേർ പെരിയാറിന് കുറുകേ നീന്തുകയും ചെയ്തിട്ടുണ്ട്. പത്തോളം ഭിന്ന ശേഷിക്കാരെയും നീന്തൽ പരിശീലിപ്പിച്ചിചിരുന്നു.
മൂന്നു വയസ് മുതൽ 80 വയസ് വരേയുള്ള ഏതൊരാൾക്കും, ഏതോരു ശാരീരിക പരിമിതികളൊന്നും തടസ്സമല്ലാലാതെ, നീന്തൽ പരിശീലിക്കാമെന്ന സന്ദേശം ലോകത്തിന് നൽകലാണ് സജി വാളാശ്ശേരിയുടെ ലക്ഷ്യം. എല്ലാ വർഷവും നവംബർ ഒന്നിന് ആരംഭിച്ച് മെയ് 31 ന് അവസാനിക്കുന്ന ഈ സൗജന്യ നീന്തൽ പരിശീലനത്തിൽ ആർക്കും പങ്കെടുക്കാം. രാവിലെ 5:30 ന് ആരംഭിച്ച് എട്ടിന് അവസാനിക്കുന്ന രീതിയിലാണ് ക്ലാസുകൾ നടക്കുന്നത്. തുടർച്ചയായി വരുവാൻ സാധിക്കാത്തവർ സാധിക്കുന്ന എല്ലാ ദിവസവും വന്ന് നീന്തൽ പരിശീലിക്കുന്നതിനും തടസ്സമില്ല. മറ്റു ജില്ലകളിൽ നിന്നു വരെ ആളുകൾ കുടുംബമായി വന്ന് നീന്തൽ പരിശീലിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സജി വാളാശ്ശേരിയുമായി ബന്ധപ്പെടാം. ഫോൺ: 91 94464 21279.