വാഷിങ്ടൻ: യുക്രെയ്നു വേണ്ടി യുഎസ് പ്രഖ്യാപിച്ച സൈനിക സഹായത്തിൽ രഹസ്യമായി സ്വന്തമാക്കിയ സോവിയറ്റ് വ്യോമപ്രതിരോധ സംവിധാനവുമുൾപ്പെടുമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ സൈന്യത്തിന്റെ സാങ്കേതികവിദ്യകളെക്കുറിച്ചു പഠിക്കാന്‍ യുഎസ് രഹസ്യമായി ഇത് ഉപയോഗിച്ചിരുന്നെന്നാണു വിവരം.
യുക്രെയ്നു കൂടുതൽ സഹായങ്ങൾ ഉറപ്പാക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. യുക്രെയ്നിലെ ഹാര്‍കീവ്, മരിയുപോൾ തുടങ്ങിയ നഗരങ്ങൾ വ്യോമാക്രമണം നടത്തിയാണു റഷ്യ തകർത്തത്. കരമാർഗത്തിലുള്ള ആക്രമണത്തില്‍ യുക്രെയ്നിലെ പല സ്ഥലങ്ങളിലും റഷ്യയ്ക്കു തിരിച്ചടി നേരിടേണ്ടിവന്നതോടെയാണ് അവർ വ്യോമാക്രമണം ശക്തമാക്കിയത്.
യുക്രെയ്നു സ്വന്തമായി വ്യോമപ്രതിരോധ സംവിധാനമുണ്ടെങ്കിലും കൂടുതൽ സഹായങ്ങളുറപ്പാക്കാനാണു സഖ്യരാഷ്ട്രങ്ങളുടെ തീരുമാനം. റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി യുക്രെയ്നിന്റെ ആകാശത്തെ ‘നോ ഫ്ലൈ സോൺ’ ആക്കണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടിരുന്നു.