കീവ് : റഷ്യയിലെ താത്ക്കാലിക സൈനിക കേന്ദ്രത്തിനു നേരെ യുക്രെയ്ൻ മിസൈൽ ആക്രമണം. പടിഞ്ഞാറൻ റഷ്യയിലെ അതിർത്തി നഗരമായ ബെൽഗോറോഡിലെ ക്രാസ്നി ഒക്ത്യാബറിലെ സൈനിക കേന്ദ്രത്തിനു നേരെയാണ് മിസൈൽ ആക്രമണം. യുക്രെയ്നിലെ പ്രധാന നഗരമായ ഹര്‍കീവില്‍ നിന്ന് 40 മൈൽ അകലെയാണ് ഈ പ്രദേശം. യുക്രെയ്ൻ– റഷ്യ അതിർത്തിയിൽ നിന്ന് 12 മൈൽ മാത്രം അകലെയും. ആയുധ സംഭരണത്തിനായി താത്ക്കാലിമായി തീർത്ത റഷ്യൻ സൈനിക ക്യാംപിൽ യുക്രെയ്‍ൻ മിസൈൽ പതിച്ചതായി റഷ്യൻ വാർത്താ ഏജൻസി ആണ് വാർത്ത നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
എന്നാൽ യുക്രെയ്‌ൻ പ്രതിരോധ സേന ഔദ്യോഗികമായി പ്രതികരിക്കാൻ വിസമ്മതിച്ചു. റഷ്യയിലെ സൈനിക കേന്ദ്രത്തിനു നേരെ യുക്രെയ്‌ൻ നടത്തുന്ന ആദ്യത്തെ ആക്രമണമാണ് ഇത്. മിസൈൽ ആക്രമണം ബെൽഗ്രേഡ് ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്‌കോവ് സ്ഥിരീകരിച്ചു. ആളപായം ഇല്ലെന്നും അദ്ദേഹം അറിയിച്ചു. 4 റഷ്യൻ സൈനികർക്ക് പരുക്കേറ്റതായി ടാസ് റിപ്പോർട്ട് ചെയ്തു. ബെൽഗ്രേഡിലെ പ്രാദേശിക ഓൺലൈൻ മാധ്യമം മിസൈൽ ആക്രമണത്തിന്റെതെന്നു കരുതുന്ന വിഡിയോ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ആഴ്ച ഈ പ്രദേശത്ത് യുക്രെയ്‍ൻ ഷെല്ലാക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റതായും ടാസ് റിപ്പോർട്ട് ചെയ്തു.