ദില്ലി: പ്രീ-ബജറ്റ് മീറ്റിംഗ് ഇന്ന് മുതൽ ആരംഭിക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിദഗ്ദരുമായും വ്യവസായ പ്രമുഖരുമായും വെർച്വൽ മീറ്റിംഗുകൾ നടത്തും. 2023-24 ബജറ്റ് നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ തേടാനാണ് ചർച്ച.
“2023- 24 ലെ വരാനിരിക്കുന്ന കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ച 2022 നവംബർ 21 മുതൽ ദില്ലിയിൽ വെച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ആരംഭിക്കുമെന്ന് ധനകാര്യാ വകുപ്പ് ട്വീറ്റ് ചെയ്തു. എല്ലാ വിഭാഗത്തിലുള്ള ചെലവുകളുടെയും ഫണ്ടിന്റെ ആവശ്യകതയെ കുറിച്ചും ബജറ്റിന് മുമ്പുള്ള യോഗങ്ങളിൽ ചർച്ച ചെയ്യുമെന്ന് ധനമന്ത്രാലയത്തിന്റെ ബജറ്റ് വിഭാഗം നേരത്തെ താനെ അറിയിച്ചിരുന്നു.
ഭരണ തുടർച്ചയിൽ നരേന്ദ്ര മോദി സർക്കാരിന്റെയും ധനമന്ത്രി നിർമല സീതാരാമന്റെയും അഞ്ചാമത്തെ ബജറ്റും 2024 ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ ബജറ്റും ആയിരിക്കും വരാനിരിക്കുന്നത്. തിരഞ്ഞെടുപ്പ് വർഷത്തിൽ, സർക്കാർ പരിമിതമായ കാലയളവിലേക്ക് വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിക്കുന്നു. സാധാരണയായി ജൂലൈ വരെയാണ് ബജറ്റ് പാസാക്കുന്നത്.
സാധാരണയായി എല്ലാ വർഷവും ജനുവരി അവസാനവാരം ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതിയിൽ അതായത് ഫെബ്രുവരി ഒന്നിന് 2023-24 ലെ ബജറ്റ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ബജറ്റ് അവതരണ തീയതി മാറ്റിയതോടെ, ഏപ്രിലിൽ തുടങ്ങുന്ന ഒരു സാമ്പത്തിക വർഷത്തിന്റെ ആരംഭം മുതൽ മന്ത്രാലയങ്ങൾക്ക് ബജറ്റ് ഫണ്ട് അനുവദിച്ചു. ഇത് ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റുകൾക്ക് ചിലവഴിക്കാൻ കൂടുതൽ അവസരം നൽകുകയും കമ്പനികൾക്ക് ബിസിനസ്, ടാക്സ് പ്ലാനുകളുമായി പൊരുത്തപ്പെടാൻ സമയം അനുവദിക്കുകയും ചെയ്യുന്നൂതായി വിദഗ്ദർ അഭിപ്രായപ്പെട്ടു.