ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കുന്ന ഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ പിന്നാക്ക വിഭാഗ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത് വലിയ കാര്യമല്ലെന്ന് ബിജെപി. തങ്ങള്‍ക്ക് ജനങ്ങളുടെ അനുഗ്രഹമുണ്ടെന്ന് കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. പിന്നാക്ക വിഭാഗനേതാക്കളായ മന്ത്രിമാരും എംഎല്‍എമാരും തുടര്‍ച്ചയായി ബിജെപിയില്‍ നിന്ന് രാജിവെക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ‘ഉത്തര്‍പ്രദേശിലെ രാജി വലിയ കാര്യമല്ല. സംസ്ഥാനത്ത് എല്ലായിടത്തുനിന്നും ബിജെപിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. ജനങ്ങളുടെ അനുഗ്രഹം ഞങ്ങള്‍ക്കുണ്ട്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍ ബിജെപി വിജയിക്കും’, തോമര്‍ പറഞ്ഞു. രാജസ്ഥാനിലെ അല്‍വാര്‍ പീഡനത്തില്‍ കോണ്‍ഗ്രസിനെതിരെയും തോമര്‍ രംഗത്തെത്തി.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകാന്‍ കാരണം അവര്‍ ക്രമസമാധാനപാലനത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്താത്തതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടികള്‍ അവരുടെ വ്യക്തിപരമായ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പൊതുജനങ്ങളെ സംരക്ഷിക്കുന്നതില്‍ അവര്‍ എപ്പോഴും പരാജയപ്പെടുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.