ജനീവ: ഗാസയിൽ സുരക്ഷിതമായ ഒരു ഇടം പോലുമില്ലെന്ന് ഐക്യരാഷ്ട്രസഭ. ഗാസയിലെ ആംബുലൻസ് വ്യൂഹത്തിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഞെട്ടൽ രേഖപ്പെടുത്തി. ഗാസയിലെ സാഹചര്യം ഭയപ്പെടുത്തുന്നുവെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് ആവർത്തിച്ചു. ആംബുലൻസ് വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. രോഗികൾ, ആരോഗ്യ പ്രവർത്തകർ, ആംബുലൻസുകൾ എന്നിവ എല്ലായ്‌പ്പോഴും സംരക്ഷിക്കപ്പെടണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്‌സിൽ കുറിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവരെ താമസിപ്പിച്ചിരുന്ന ഗാസയിലെ സ്കൂളിന് നേരെയും ഇസ്രയേൽ ആക്രമണം നടത്തി. 20 പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.