ഗൊരഖ്പൂർ: ആളുകളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും തട്ടിക്കൊണ്ടുപോയും വിഹരിച്ച ഗുണ്ടകളെല്ലാം പേടിച്ച് പാന്റിൽ മൂത്രമൊഴിച്ചിരിക്കുന്നത് ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്രമസമാധാന പാലനത്തിന് വില കൽപ്പിക്കാതിരുന്ന സംഘങ്ങൾ കോടതി ശിക്ഷ വിധിക്കുന്നതോടെ പാന്റ് നനച്ചിരിക്കുകയാണ് എന്നായിരുന്നു യോഗിയുടെ വാക്കുകൾ. ഒരു ബോട്ടിലിംഗ് പ്ലാന്റിന്റെ ‘ഭൂമി പൂജ’യ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
നിയമസംവിധാനത്തോട് അൽപം പോലും ബഹുമാനം കാണിക്കാത്തവർ ഇപ്പോൾ ജീവനുംകൊണ്ട് ഓടുന്നത് ആളുകൾ കാണുന്നുണ്ട്. കോടതി ശിക്ഷിക്കുമ്പോൾ, അവരുടെ നനഞ്ഞ പാന്റ്‌സ് കാണാനാകുന്നു. ഇത്തരക്കാര്‍ ആളുകളെ ഭയപ്പെടുത്തി, വ്യവസായികളെ ഭീഷണിപ്പെടുത്തി, വ്യവസായികളെ തട്ടിക്കൊണ്ടുപോയി. എന്നാൽ ഇന്ന് അവർ ജീവിക്കാനായി ഓടി നടക്കുന്നു.ജീവ ഭയമുണ്ടെന്ന് അവര്‍ പറയുന്നു.
2006- ലെ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാത്തലവനായ രാഷ്ട്രീയ പ്രവർത്തകൻ അതിഖ് അഹമ്മദിനെയും മറ്റ് രണ്ട് പേരെയും കോടതി കുറ്റക്കാരായി കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്ത് ദിവസങ്ങൾക്കകമാണ് യോഗിയുടെ പരാമർശങ്ങൾ. അതിഖ് അഹമ്മതിനെതിരെ നൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അതിഖ് ആദ്യമയാണ് ശിക്ഷിക്കപ്പെട്ടത്. കേസ് കേൾക്കാനായി പൊലീസ് ജയിലിൽ നിന്ന് കൊണ്ടുപോകുന്നതിന് മുമ്പ് താൻ പുറത്തുവച്ച് കൊല്ലപ്പെട്ടേക്കുമെന്ന് അഹമ്മദ് ഭയപ്പെട്ടിരുന്നു. ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.