ലഖ്‌നോ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (യു.പി.എസ്.ആർ.ടി.സി) ബസ് ഡ്രൈവർമാരും കണ്ടക്ടർമാരും സമരത്തിലേക്ക്. ജീവനക്കാർ ലഖ്‌നോവിലെ റീജണൽ മാനേജരുടെ ഓഫിസ് ഉപരോധിക്കുകയും തങ്ങൾ ദീർഘകാലമായി ഉന്നയിക്കുന്ന 25 ആവശ്യങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനറൽ മാനേജർക്ക് കത്ത് നൽകുകയും ചെയ്തു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്തംബർ 27ന് സംസ്ഥാനവ്യാപകമായി പണിമുടക്കുമെന്നും ബസുകൾ തടയുമെന്നും മുന്നറിയിപ്പ് നൽകി.
തൊഴിലാളി സംഘടനയായ ഉത്തർപ്രദേശ് റോഡ്‌വേയ്‌സ് കർമ്മചാരി സംഘിന്റെ നേതൃത്വത്തിലാണ് ജീവനക്കാർ പ്രതിഷേധിച്ചത്. കരാർ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഒരേ ശമ്പള സ്കെയിലിൽ ശമ്പളം നൽകുക, ഒരു വർഷം സർവിസ് പൂർത്തിയായവരെ സ്ഥിരപ്പെടുത്തുക, സ്വകാര്യ വാഹനങ്ങളുടെയും അനധികൃത ബസുകളുടെയും സർവിസ് നിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത്. യു.പി സർക്കാർ തങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച യൂണിയൻ നേതാക്കൾ 25 ഇന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പണിമുടക്കിന് ആഹ്വാനം ചെയ്യുമെന്ന് പറഞ്ഞു.
“ജീവനക്കാരുടെ ശമ്പളം 14% വർധിപ്പിക്കുകയും വേതനം ഏകീകരിക്കുകയും വേണം. ജീവനക്കാർക്കെതിരായ വ്യവസ്ഥകൾ നീക്കം ചെയ്യുക, പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, ജോലിനഷ്ടപ്പെട്ടവർക്ക് ജോലി നൽകുക എന്നീ ആവശ്യങ്ങളും തൊഴിലാളികൾ മുന്നോട്ടുവെച്ചിട്ടുണ്ട്” -ഉത്തർപ്രദേശ് റോഡ്‌വേസ് കർമ്മചാരി സംഘിന്റെ മീഡിയ ഇൻ ചാർജ് രജനീഷ് മിശ്ര പറഞ്ഞു. ഇത്ര തുച്ഛമായ ശമ്പളം കൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇതേ ആവശ്യങ്ങളുന്നയിച്ച് റോഡ്‌വേസ് കർമ്മചാരി സംയുക്ത പരിഷത്ത് നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. 34,000 കരാർ ഡ്രൈവർമാരും കണ്ടക്ടർമാരുമാണ് യു.പി.എസ്.ആർ.ടി.സിയിൽ ഉള്ളത്. ഏകദേശം 9,000 സ്ഥിരം ജീവനക്കാരും ഉണ്ട്.
കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, മറ്റ് വകുപ്പുകളുമായുള്ള ശമ്പള തുല്യത, ഇഎസ്‌ഐ, പിഎഫ് തുടങ്ങിയ സൗകര്യങ്ങൾ, തൊഴിലാളികളെ ആർബിട്രേഷൻ കമ്മിറ്റികളിൽ ഉൾപ്പെടുത്തുക, യൂണിയൻ ഭാരവാഹികളെയും പ്രവർത്തകരെയും ദ്രോഹിക്കുന്നത് അവസാനിപ്പിക്കുക, ദേശീയപാതകളെ ഗ്രാമീണ റോഡുകളുമായി ബന്ധിപ്പിക്കുക, സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസുകളുടെ നികുതി അവസാനിപ്പിക്കുക, ഭാരതീയ മസ്ദൂർ സംഘിന്റെ പ്രതിനിധിയെ ട്രാൻസ്‌പോർട്ട് കോർപറേഷൻ ബോർഡിൽ ഉൾപ്പെടുത്തുക, മറ്റ് കോർപറേഷനുകളെപ്പോലെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനെയും സ്വതന്ത്ര കോർപറേഷനാക്കുക എന്നീ ആവശ്യങ്ങളും സംഘടനകൾ ന്നയിച്ചു.