സാങ്കേതിക തകരാറുകൾ മൂലമോ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ മൂലമോ വിമാനങ്ങൾ അപ്രതീക്ഷിതമായി തിരിച്ചിറക്കുന്നത് അസാധാരണമായ കാര്യമല്ല. സ്‌പെയിനിലെ ബാഴ്‌സലോണയിലേക്ക് പോയ യുഎസ് എയർലൈൻ വിമാനം അസാധാരണമായ ഒരു കാരണത്താൽ തിരികെ പറന്നപ്പോള്‍ അത് വാർത്തകളിൽ ഇടം നേടി. വിമാനത്തിലെ ഒരു യാത്രക്കാരന് കടുത്ത വയറിളക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡെൽറ്റ എയർലൈൻസ് എയർബസ് എ 350 ഫ്ലൈറ്റിലെ ഒരു യാത്രക്കാരന് കടുത്ത വയറിളക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം തിരിച്ച് ഇറക്കേണ്ടി വന്നത്. ഇതോടെ വിമാനത്തിലെ എല്ലാവരുടെയും യാത്രയെ ഇത് ബാധിച്ചെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു. യാത്രക്കാരന് ഭക്ഷ്യവിഷബാധ ഏറ്റതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പുറപ്പെട്ട വിമാനത്താവളത്തിലേക്ക് തന്നെ വിമാനം തിരിച്ചിറക്കിയത്. അറ്റ്ലാന്‍റയിൽ നിന്ന് ബാഴ്‌സലോണയിലേക്കുള്ള എട്ട് മണിക്കൂർ യാത്രയിൽ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ‘ഇതൊരു ജൈവ അപകട പ്രശ്നമാണ്. വിമാന യാത്രയിലുടനീളം വയറിളക്കം ബാധിച്ച ഒരു യാത്രക്കാരൻ ഉണ്ടായിരുന്നു. അതിനാൽ ഞങ്ങൾ അറ്റ്ലാന്‍റയിലേക്ക് തിരികെ വരണമെന്ന് അവർ ആഗ്രഹിക്കുന്നു.’ എന്ന് Flightradar24-ൽ നിന്നുള്ള ഡാറ്റകള്‍ വിശദമാക്കുന്നു. Thenewarea51 എന്ന് എക്സ് ഉപയോക്താവ് ഈ സംഭവവുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പ് പങ്കുവച്ചതിന് പിന്നാലെ വൈറലായി.