ന്യൂഡൽഹി: ഇന്ത്യയിൽ റെക്കോർഡ് വിലക്കയറ്റമാണ് തക്കാളി ഉൾപ്പടെയുള്ള പച്ചക്കറികൾക്ക് ഉണ്ടായിരിക്കുന്നത്. ഇതിനിടെ തക്കാളി വാങ്ങാനായി അതിർത്തി കടന്ന് ഉത്തരാഖണ്ഡിൽ നിന്നുള്ളവർ നേപ്പാളിൽ പോയ വാർത്തയാണ് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിർത്തി പ്രദേശത്ത് താമസിക്കുന്നവരാണ് ഇത്തരത്തിൽ തക്കാളിക്കായി അതിർത്തി വിട്ടത്.
ഇന്ത്യയിൽ നിലവിൽ 120 രൂപ മുതൽ 130 രൂപ വരെയാണ് ഒരു കിലോ തക്കാളിക്ക് വില. നേപ്പാളിൽ 62 മുതൽ 69 രൂപക്ക് തക്കാളി കിട്ടും. ഇതാണ് ദാർചുലയിലും ബാൻബാസയിലുമുള്ളവർ അതിർത്തി കടന്ന് നേപ്പാളിലേക്ക് പോകുന്നത്. നേപ്പാൾ സർക്കാർ പച്ചക്കറി കൃഷിക്ക് സബ്സിഡി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നൽകിയിരുന്നു. ഇതോടെ ഇക്കുറി പച്ചക്കറി കൃഷിയിലൂടെ വലിയ നേട്ടമാണ് നേപ്പാളിലെ കർഷകർ ഉണ്ടാക്കുന്നത്.
അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ചില കർഷകർ കിലോക്ക് 40 രൂപക്ക് തക്കാളി ഉൾപ്പടെയുള്ള പച്ചക്കറികൾ വാങ്ങി ഇന്ത്യയിൽ വിൽക്കുന്നതും ഇപ്പോൾ പതിവായിട്ടുണ്ടെന്നും ഇക്കണോമിക് ടൈംസ് പറയുന്നു.