തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഇ പി ജയരാജൻ വാ പോയ കോടാലിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമര്‍ശിച്ചു. യൂത്ത് കോൺഗ്രസ് ഭാരവാഹികളാണ് വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രി കണ്ണാടിക്കൂട്ടില്‍ നിന്നാലും പ്രതിഷേധിക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
ആക്രമത്തിന്‍റെ പാതയിലേക്ക് യുഡിഎഫ് പോയിട്ടില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ ന്യായീകരണം. പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാൻ ഇ പി ജയരാജൻ ആരാണെന്ന് ചോദിച്ച കെ സുധാകരൻ, ഞങ്ങളുടെ കുട്ടികളെ കൈകാര്യം ചെയ്താൽ പ്രത്യാഘാതം ഗുരുതരമാകുമെന്നും വെല്ലുവിളിച്ചു. ജയരാജൻ ശിക്ഷിച്ചാൽ ജയരാജനെ ശിക്ഷിക്കും. ജയരാജനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേതാക്കളുടെ അറിവോടെയല്ല കുട്ടികളുടെ വികാരം. മദ്യപിച്ചിട്ടില്ല എന്ന് കണ്ടാൽ ജയരാജൻ മാപ്പ് പറയുമോ എന്നും കെ സുധാകരന്‍ ചോദിച്ചു. സംഭവത്തില്‍ പരാതി നൽകാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയരാജന്‍റെ മനോനില പരിശോധിക്കണമെന്നായിരുന്നു ഷാഫി പറമ്പിലിന്‍റെ പ്രതികരണം. നാട്ടിൽ കലാപം ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പറഞ്ഞ ഷാഫി പറമ്പിൽ, പ്രവർത്തകർ മദ്യപിച്ചെന്ന് തെളിയിക്കൂ എന്ന് ജയരാജനെ വെല്ലുവിളിച്ചു. ജയരാജനെതിരെ ഡിജിപിക്ക് പരാതി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയരാജന് ട്രാവൽ ബാൻ നൽകണമെന്ന് ആവശ്യപ്പെട്ട ഷാഫി, എല്‍ഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ച് ജയരാജൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ആയോ എന്നും പരിഹാസിച്ചു.