റോഡ് വികസനത്തില്‍ നഷ്ടപ്പെടുത്തിയ വര്‍ഷങ്ങള്‍ക്ക് കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. 2005ല്‍ പ്രഖ്യാപിച്ച തൃശൂര്‍- മണ്ണൂത്തി- പാലക്കാട് ദേശീയപാത പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പൂര്‍ത്തിയായതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വി മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ മന്ത്രിമാർ ദേശീയപാതയുടെ പുറത്തുള്ള ‘തള്ള്’ അവസാനിപ്പിക്കണമെന്ന് വി. മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. തൃശൂർ പാലക്കാട് ദേശീയപാതയ്ക്ക് ‘ന്യൂയോർക്കിലെ റോഡിനെക്കാൾ നിലവാരമുണ്ടെന്ന്’ പറഞ്ഞ പ്രവാസി മലയാളിയോട് എല്ലാം എൽഡിഎഫ് സർക്കാരിന്റെ കഴിവെന്ന് മുഖ്യമന്ത്രി പറയേണ്ടന്നും അദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണലായ അടൽ ടണൽ പൂർത്തിയാക്കിയ എൻഡിഎ സർക്കാരുകളുടെ ഇച്ഛാശക്തി രാജ്യം കണ്ടതാണ്. ലേമണാലി ദേശീയപാതയിൽ 9 കിലോമീറ്റർ ടണൽ 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ് എട്ടു വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്, കുതിരാനിൽ 940 മീറ്റർ പണിയാനെടുത്തത് 17 വർഷമെന്നും വി. മുരളീധരൻ പറഞ്ഞു.
വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
തൃശൂർ പാലക്കാട് ദേശീയപാതയ്ക്ക് ‘ന്യൂയോർക്കിലെ റോഡിനെക്കാൾ നിലവാരമുണ്ടെന്ന്’ പറഞ്ഞ പ്രവാസി മലയാളിയോട് എല്ലാം എൽഡിഎഫ് സർക്കാരിന്റെ കഴിവ് എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് നല്ല നമസ്‌കാരം! ‘ഞാനും മുതലേച്ചനും കൂടി പോത്തിനെപ്പിടിച്ചു എന്ന് തവളച്ചാര് പറഞ്ഞത് പോലെ’യാണ് ദേശീയപാത വികസനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് കേരളത്തിലെ മന്ത്രിമാർ നടത്തുന്ന പ്രസ്താവനകൾ..! 2005ൽ പ്രഖ്യാപിച്ച തൃശൂർ മണ്ണുത്തിപാലക്കാട് ദേശീയപാത പതിനേഴ് വർഷങ്ങൾക്കിപ്പുറമാണ് പൂർത്തിയായത് ! നഷ്ടപ്പെടുത്തിയ പതിനേഴു വർഷങ്ങൾക്ക് മാറി മാറി കേരളം ഭരിച്ചവർ ജനങ്ങളോട് മാപ്പുപറയുകയാണ് വേണ്ടത്..
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണലായ അടൽ ടണൽ പൂർത്തിയാക്കിയ എൻഡിഎ സർക്കാരുകളുടെ ഇച്ഛാശക്തി രാജ്യം കണ്ടതാണ്….. ലേമണാലി ദേശീയപാതയിൽ 9 കിലോമീറ്റർ ടണൽ 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ് എട്ടു വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്…. കുതിരാനിൽ 940 മീറ്റർ പണിയാനെടുത്തത് 17 വർഷം! 2002ൽ ലേ- മണാലി പാതയിൽ ആദരണീയനായ എ.ബി വാജ്‌പേയ്ജി തറക്കല്ലിട്ട ടണൽ 10 വർഷത്തെ യുപിഎ ഭരണകാലത്ത് അവഗണിക്കപ്പെട്ടതായിരുന്നു…. എന്നാൽ നരേന്ദ്രമോദി ജിയുടെ നേതൃത്വത്തിൽ എൻഡിഎ വീണ്ടും അധികാരത്തിലെത്തിയതോടെ ഹിമാലയൻ മലനിരകളിൽ അടൽ ടണൽ തലയുയർത്തി നിൽക്കുന്നു…
കേരളം ഭരിക്കുന്ന മുന്നണികളും ദേശീയ ജനാധിപത്യ സഖ്യവും തമ്മിൽ വികസനകാര്യത്തിലെ നിലപാടുകളുടെ അന്തരവും ഇത് വ്യക്തമാക്കുന്നു. നയവൈകല്യങ്ങളും കെടുകാര്യസ്ഥതയും മൂലം ദേശീയപാത അതോറിറ്റിയെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയിട്ടുള്ളത് എൽഡിഎഫും യുഡിഎഫുമാണ്. ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുത്തു നൽകുന്ന ഏക സംസ്ഥാനം കേരളമാണ് എന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മറ്റൊരു കല്ലുവച്ച നുണ..
ഒന്നാമത് , ഭൂമി വിലയുടെ 25 ശതമാനം മാത്രമാണ് സംസ്ഥാന സർക്കാർ വഹിക്കുന്നത്, 75 ശതമാനവും കേന്ദ്രസർക്കാരിന്റേതാണ്…. രണ്ടാമത്, കർണാടകമുൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ ഭൂമിയേറ്റെടുക്കലിന്റെ ചെലവ് വഹിക്കുന്നുണ്ട്… കേരളം ഇനി ഒന്നും ചെലവാക്കില്ല എന്ന് മുഖ്യമന്ത്രി ‘വ്യക്തമാക്കുകയും വേണ്ട എന്ന് നരേന്ദ്രമോദിസർക്കാർ സമ്മതിക്കുകയും ചെയ്ത സ്ഥിതിക്കെങ്കിലും ദേശീയപാതയുടെ പുറത്തുള്ള ‘തള്ള് ‘ അവസാനിപ്പിക്കണമെന്ന് കേരളത്തിലെ മന്ത്രിമാരോട് അഭ്യർഥിക്കുന്നു… !