കോട്ടയം: ഇ പി ജയരാജനെതിരായ ആരോപണത്തില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) പരാതി ഇല്ലാതെ തന്നെ അന്വേഷണം നടത്താൻ കഴിയുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. തന്‍റെ മന്ത്രിസഭയിൽ അംഗമായിരുന്ന ഒരാളെ കുറിച്ച് സ്വന്തം പാർട്ടിയിൽ നിന്ന് ആരോപണം ഉയർന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് അദ്ഭുതകരം. എല്ലാ അഴിമതിയുടെയും കേന്ദ്രമായി സിപിഎം മാറി. ഈ അഴിമതിയിൽ പങ്കുള്ളതു കൊണ്ടാണോ മുഖ്യമന്ത്രി മൗനം അവലംബിക്കുന്നത്. അഴിമതിക്ക് കൂട്ട് നിൽക്കുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടതുപക്ഷവും പോപ്പുലർ ഫ്രണ്ടും ഇരട്ടപെറ്റ സഹോദരങ്ങളെ പോലെയാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്.തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നിർബാധം പ്രവർത്തിക്കാനാവുന്ന സ്ഥിതിയാണ് കേരളത്തിൽ ഉള്ളത്. ഇതിന് സർക്കാർ ഒത്താശയുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും റെയ്ഡ് നടന്നത്.തീവ്രവാദം വേരോടെ പിഴുതെറിയും വരെ കേരളത്തിൽ നടപടികൾ തുടരും.
കോൺഗ്രസ് അവസ്ഥ പരിതാപകരമായ സ്ഥിതിയിൽ ആന്‍റണിക്ക് തിരിച്ചറിവുണ്ടായതിൽ സന്തോഷം. ചന്ദനക്കുറി ഇട്ടവർക്ക് മാത്രമല്ല ഗണപതി ക്ഷേത്രത്തിലെ കറുത്ത കുറി ഇട്ട് നടന്നിരുന്ന ചില കോൺഗ്രസ് നേതാക്കൾക്കും ഇനി ആ കുറി വീണ്ടും അണിയാമായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. സോളാറിലെ സി ബി ഐ കണ്ടെത്തലുകൾ വസ്തുതയല്ല എന്ന് കോൺഗ്രസിന് അഭിപ്രായമുണ്ടോ. നിലപാടില്ലായ്മയാണ് കോൺഗ്രസിന്റെ സ്ഥിതി. ചന്ദനക്കുറി വിഷയത്തിലും വ്യക്തമാകുന്നത് നിലപാടില്ലായ്മയാണ്.മുഖ്യമന്ത്രി പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ കെ റെയിൽ ചർച്ചയായില്ല എന്നാണ് പി ആർ ഡി വാർത്താക്കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്. കേന്ദ്ര നിലപാട് പദ്ധതിക്ക് എതിരാണ് എന്ന് മുഖ്യമന്ത്രിക്ക് മനസിലായതു കൊണ്ടാണ് ചർച്ചയിൽ ഇക്കാര്യം ഉന്നയിക്കാഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.