തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രി പിണറയി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുവെന്ന് പറയുന്ന അതേദിവസം റെയിൽവേ മന്ത്രി വളരെ കൃത്യമായിട്ട് കേന്ദ്രസർക്കാരിന്റെ നിലപാട് രാജ്യസഭയിൽ വ്യക്തമാക്കിയതാണ്. പ്രധാനമന്ത്രി അനുവദിച്ചുവെന്ന് പറയുന്ന ഒരു പദ്ധതിക്ക് എതിരായിട്ട് അദ്ദേഹത്തിന്റെ മന്ത്രി സഭയിലെ ഒരു മന്ത്രി സംസാരിക്കുമെന്ന് ഇന്ത്യയിലെ ജനാധിപത്യ സംവിധാനവും ഭരണഘടനയും അറിയാവുന്ന ഒരാൾക്ക് വിശ്വസിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതി പരിസ്ഥിതി ആഘാത പ്രശ്‍നങ്ങൾ ഉണ്ടാക്കുന്നതാണെന്ന് കേന്ദ്ര റയിൽവേ മന്ത്രി വളരെ കൃത്യമായി പറഞ്ഞതാണ്. സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിച്ച പോലെ 63,000 കോടി രൂപ കൊണ്ട് തീർക്കാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ പലയിടത്തും സില്‍വര്‍ കല്ലിടല്‍ തുടരുന്നതിനിടെ ഇന്നും നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. കോട്ടയം നട്ടാശേരിയില്‍ സില്‍വര്‍ ലൈനിന്റെ ഭാഗമായി സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. 12 കല്ലുകളാണ് ഇന്ന് രാവിലെ നാട്ടുകാരെത്തും മുന്‍പ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ചത്. അതേസമയം പിറവത്ത് നടക്കുന്ന സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ അനൂപ് ജേക്കബ് എംഎല്‍എ രംഗത്തെത്തി. കല്ലിടുന്നത് എവിടെയെന്നുപോലും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നിലെന്ന് അനൂപ് ജേക്കബ് എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു. ഇത്തരം നടപടികള്‍ ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കുന്നു. പിറവം സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ പ്രതികരണം ജനവികാരം മനസിലാക്കിയാണ്. കെ റെയില്‍ എംഡിക്കെതിരെ കേസെടുക്കണമെന്നും അനൂപ് ജേക്കബ് എംഎല്‍എ പ്രതികരിച്ചു.