എറണാകുളം:അധികാര ഗര്‍വ് ബാധിച്ച പിണറായി വിജയൻ സർക്കാർ ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വങ്ങളെപ്പോലും അട്ടിമറിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരൻ കുറ്റപ്പെടുത്തി.. കണ്ണൂര്‍ സര്‍വകലാശാല മുതല്‍ തിരുവനന്തപുരം നഗരസഭ വരെ എല്ലായിടത്തും സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കും സിപിഎം പ്രവര്‍ത്തകര്‍ക്കും മാത്രമാണ് നിയമനമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരെ ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണര്‍ക്കെതിരെ നിയമോപദേശത്തിന് കോടികൾ ചിലവാക്കുന്ന സർക്കാരിന് കൊച്ചി നഗരത്തിലെ കാന മൂടാന്‍ പണമില്ല. കേരളത്തിലെ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് സിപിഎം നടത്തുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ നിലപാടെടുത്തതാണ് ആരിഫ് മുഹമ്മദ് ഖാനെതിരായ വിരോധത്തിന് കാരണം. കേരള ഗവര്‍ണര്‍ എടുത്ത എല്ലാ നിലപാടുകളും ഹൈക്കോടതി ശരിവച്ച സ്ഥിതിക്ക് ഇനി സിപിഎമ്മുകാര്‍ ഹൈക്കോടതി വളയുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടതെന്നും വി.മുരളീധരൻ പറഞ്ഞു.
തൊഴില്‍ കിട്ടണമെങ്കില്‍ എസ്എഫ്ഐക്കാരനോ ഡിവൈഎഫ്ഐക്കാരനോ ആകണമെന്നതാണ് സംസ്ഥാനത്തെ സാഹചര്യം. പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ ഇപ്പോള്‍ നാഗപ്പന്‍ സര്‍വീസ് കമ്മിഷന്‍ എന്നാണ് തിരുവനന്തപുരത്ത് അറിയപ്പെടുന്നതും മന്ത്രി പരിഹസിച്ചു. കണ്ണൂര്‍ സര്‍വകലാശാലയിലെ യോഗ്യതയില്ലാത്ത അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയത് ഒരു വര്‍ഷമാണ് ആ തസ്തികയില്‍ ആളില്ലാതാക്കിയത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും വി.മുരളീധരൻ പറഞ്ഞു. ശിവന്‍കുട്ടിയെപ്പോലെയുള്ള ഗൂണ്ടകളെയിറക്കി ഗവര്‍ണറെ ഭീഷണിപ്പെടുത്തുമ്പോള്‍ കേരളത്തിലെ ജനം ഇതെല്ലാം കാണുന്നുണ്ട് എന്നത് പിണറായി വിജയൻ മറക്കരുതെന്നും മന്ത്രി പ്രതികരിച്ചു.