ന്യൂഡൽഹി : വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിൽ സിബിഐക്ക് നിലവിൽ അന്വേഷണവുമായി മുന്നോട്ട് പോകാം എന്ന് സുപ്രീം കോടതി. അന്വേഷണം സ്റ്റേ ചെയ്തിട്ടില്ലെന്ന് ജസ്റ്റിസ്മാരായ ഹേമന്ത് ഗുപ്ത, വി രാമസുബ്രമണ്യം എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സിബിഐ അന്വേഷണത്തിന് എതിരെ നൽകിയ ഹർജികൾ വിശദമായ വാദം കേൾക്കുന്നതിനായി സുപ്രീം കോടതി മാറ്റി. സിബിഐ അന്വേഷണത്തിന് എതിരെ ലൈഫ് മിഷൻ സിഇഒ, സന്തോഷ് ഈപ്പൻ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ചാണ് അഴിമതി കേസുകൾ സിബിഐ അന്വേഷിക്കുന്നത്. എന്നാൽ അന്വേഷണത്തിന് സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമാണെന്ന് ലൈഫ് മിഷന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ വി വിശ്വനാഥ് ചൂണ്ടിക്കാട്ടി. ഹർജിയിൽ വിശദമായ വാദം കേക്കൽ ആവശ്യമാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ തന്നെ തള്ളിയിരുന്നതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ഈ ഘട്ടത്തിൽ അന്വേഷണത്തിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. ലൈഫ് മിഷന് വേണ്ടി സീനിയർ അഭിഭാഷകൻ കെ.വി വിശ്വനാഥന് പുറമെ, സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിംഗ് കോൺസൽ സി കെ ശശിയും ഹാജരായി. സന്തോഷ് ഈപ്പന് വേണ്ടി സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ദാവെ, അഭിഭാഷകൻ ജോജി സ്കറിയ എന്നിവരാണ് ഹാജരായത്. സിബിഐ യ്ക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് ആണ് ഹാജരായത്.