ചെന്നൈ: വൈക്കത്ത് സ്ഥിതി ചെയ്യുന്ന പെരിയാർ സ്മാരകത്തിന്റെ പുനരുദ്ധാരണത്തിന് 8.14 കോടി രൂപ അനുവദിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ അറിയിച്ചു. വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് 2023 മാർച്ച് 30 മുതൽ തമിഴ്നാട് സർക്കാറിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.ചരിത്ര ഗവേഷകനായ പഴ അധ്യയമാൻ എഴുതിയ ‘വൈക്കം പോരാട്ടം’ എന്ന തമിഴ് പുസ്തകം മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കും. തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് പരിഭാഷകളും പുറത്തിറക്കും. പെരിയാറിന്റെ സ്മരണാർഥം ഇതര സംസ്ഥാനങ്ങളിലെ അടിച്ചമർത്തപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രയത്നിച്ച് ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാക്കിയ വ്യക്തികൾക്കും സംഘടനകൾക്കും തമിഴ്നാട് സർക്കാർ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17ന് ‘വൈക്കം അവാർഡു’കൾ സമ്മാനിക്കും.പെരിയാറിനെ തടവിലാക്കിയ അരുവിക്കുത്ത് ഗ്രാമത്തിൽ സ്മാരകം സ്ഥാപിക്കും. വൈക്കം സമരത്തിന്റെ ശതാബ്ദി സ്മരണിക തപാൽ സ്റ്റാമ്പും പുറത്തിറക്കാൻ നടപടി സ്വീകരിക്കുമെന്നും സ്റ്റാലിൻ അറിയിച്ചു. വൈക്കം സമരത്തിൽ പെരിയാർ ഇ.വി. രാമസാമി വഹിച്ച പങ്ക് സംബന്ധിച്ചും സ്റ്റാലിൻ നിയമസഭയിൽ വിശദീകരിച്ചു.