പത്തനംതിട്ട: വനം വകുപ്പ് നിയമങ്ങള്‍ പാലിച്ച് വാവ സുരേഷ്. ഇത്തരത്തില്‍ ആദ്യ പാമ്പുപിടുത്തം പത്തനംതിട്ട കോന്നിയിലാണ് വാവ സുരേഷ് നടത്തിയത്. മണ്ണീറയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ രാജവെമ്പാലയെ ആണ് വനംവകുപ്പിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് വാവ സുരേഷ് പിടിച്ചത്. സേഫ്റ്റി ബാഗും, ഹുക്കും ഉപയോഗിച്ചാണ് രാജവെമ്പാലയെ പിടിച്ചത്. വനംവകുപ്പ് നിയമങ്ങള്‍ ഉപയോഗിച്ചല്ല വാവ സുരേഷ് പാമ്പിനെ പിടിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വാവ പുതിയ രീതിയിലേക്ക് മാറിയത്.
പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവ സുരേഷ് അത്ഭുതകരമായായിരുന്നു അടുത്തിടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് നിയമങ്ങള്‍ പാലിച്ച് പാമ്പിനെ പിടിക്കാന്‍ വാവ സുരേഷ് രംഗത്ത് എത്തിയത്.
കഴിഞ്ഞ ദിവസമാണ് മണ്ണീറയില്‍ ജനവാസ മേഖലയില്‍ പാമ്പിനെ കണ്ടത്. വിവരം വാവ സുരേഷിനെയും കോന്നിയിലെ വനംവകുപ്പ് സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും നാട്ടുകാര്‍ അറിയിച്ചു. ചിറ്റാറിലുണ്ടായിരുന്ന വാവ സുരേഷ് ആദ്യം സ്ഥലത്തെത്തി.
എന്നാല്‍ വനംവകുപ്പിന്‍റെ അനുമതിയില്ലാത്തതിനാല്‍ വനപാലകര്‍ക്കായി സുരേഷ് കാത്തുനിന്നു. തൊട്ടുപുറകെ വനപാലകരും വന്നു. സെക്ഷന്‍ഫോറസ്റ്റ് ഓഫീസര്‍ ബിനീഷിനൊപ്പം ചേര്‍ന്നാണ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പാമ്പിനെ പിടിച്ചത്.