കോട്ടയം : മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി എന്ന് കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ രതീഷ് കുമാർ. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിലും പുരോഗതിയുണ്ട്. ഹൃദയാഘാതത്തിന്റെ അപകടാവസ്ഥയിൽ നിന്ന് മാറ്റമുണ്ട്. വലിയ അളവിൽ വിഷം ഉള്ളിൽ എത്തി. അതാണ് ഹൃദയത്തെ ബാധിച്ചത്. ഇനിയുള്ള 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർ രതീഷ് കുമാർ പറഞ്ഞു. കോട്ടയം കുറിച്ചി നീലംപേരൂർ വെച്ചായിരുന്നു ഇന്നലെ വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയ്യിരുന്നു.
ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്‍റെ മേൽനോട്ടത്തിലാണ് വാവ സുരേഷിന്‍റെ ചികിത്സ. രണ്ടാഴ്ച മുൻപാണ് വാവാ സുരേഷിന് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റത്. തിരുവനന്തപുരം പോത്തൻകോട്ട് വച്ചുണ്ടായ വാഹനാപകടത്തിൽ വാവാ സുരേഷിൻ്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാക്കുകയും ചെയ്തു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്.