കൊച്ചി : തൃക്കാക്കര തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ വിവാദങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും പഞ്ഞമില്ല. വ്യാജ വീഡിയോ, കള്ളവോട്ട് ആരോപണങ്ങളിൽ സിപിഎമ്മിനെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അശ്ലീല വീഡിയോ പരാമർശത്തിൽ തനിക്കെതിരെ വ്യാജ നിർമ്മിതി നടത്തി സിപിഎം സൈബറിടങ്ങളിൽ പ്രചരിപ്പിക്കുകയാണെന്ന് വി ഡി സതീശൻ ആരോപിച്ചു.
വ്യാജ നിർമ്മിതകൾ കൊണ്ടാണ് സിപിഎം രാഷ്ടീയ എതിരാളികളെ നേരിടുന്നത്. സ്വന്തം നേതാക്കൾക്കെതിരെയും മുമ്പ് ടിപി ചന്ദ്രശേഖരനടക്കമുള്ള എതിരാളികൾക്കെതിരെയും സിപിഎം വ്യാജ നിർമ്മിതികളുപയോഗിച്ചു. ജില്ലാ സെക്രട്ടറിയുടെ കട്ടിലിന്റെ താഴെ ഒളിക്യാമറ വെച്ച ആളുകളാണ്. ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ശക്തിധരനെതിരെ വ്യാജ രേഖ നിർമ്മിച്ചയാളുകളാണ്. ടിപി ചന്ദ്രശേഖരനെ കൊല്ലാൻ വന്ന ഇന്നോവ കാറിൽ മാഷാ അള്ളാ എന്ന് സ്റ്റിക്കറൊട്ടിച്ച് മുസ്ലീംവിഭാഗക്കാരാണ് കൊന്നതെന്ന് വരുത്തിത്തീർരക്കാൻ ശ്രമിച്ചവരാണ്. അത് കോൺഗ്രസിന്റെ രീതിയല്ല. വ്യാജ വീഡിയോ കേസിൽ യഥാർത്ഥ പ്രതികളെ പിടിച്ചാൽ അതിൽ സിപിഎം നേതാക്കളുമുണ്ടാകുമെന്നുറപ്പാണെന്നും സതീശൻ കുറ്റപ്പെടുത്തി. എല്ലാ പാർട്ടിയിലും പെട്ടവർ ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ചവരിലുണ്ട്. ആരാണ് വ്യാജ വീഡിയോ നിർമ്മിച്ചതെന്ന് കണ്ടെത്തണം. വിഡീയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുകയാണ് സിപിഎം. അത് ജനങ്ങൾ മനസിലാക്കും.
തൃക്കാക്കര തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം വ്യാപകമായി ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഒരു വശത്ത് മന്ത്രിമാരും നേതാക്കളും വന്ന് ഭരണ സംവിധാനത്തെ ദുരുപയോഗപ്പെടുത്തി വോട്ട് പിടിക്കാൻ ശ്രമിക്കുന്നു. മറുവശത്ത് വ്യാജ വോട്ട് ശ്രമവും നടക്കുന്നു. വ്യാജ വോട്ട് തടയാൻ എല്ലാ ശക്തിയോടെയും യുഡിഎഫ് ശ്രമിക്കും. സ്ഥലത്തില്ലാത്തവരുടെ, മരണമടഞ്ഞവരുടെ അടക്കം ലിസ്റ്റ് പ്രിസൈഡിംഗ് ഓഫീസർക്ക് യുഡിഎഫ് നാളെയോട് നൽകും. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ശ്രമം എല്ലാവിധേനെയും തടയും. തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ യുഡിഎഫിന്റെ ഭൂരിപക്ഷം കുറക്കാനാണ് ഇടത് പക്ഷം ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു.