മലപ്പുറം: സോളര്‍ കമീഷന്‍ നടത്തിയത് കോമാളിത്തരങ്ങളായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.ഡി എടുക്കാന്‍ കോയമ്പത്തൂരിലേക്ക് പോയത് ഉള്‍പ്പെടെ എന്തെല്ലാം കോമാളിത്തരങ്ങളും നാടകങ്ങളുമാണ് നടത്തിയത്. മികച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളായ ഹേമചന്ദ്രന്‍ തന്റെ ആത്മകഥയില്‍ പറഞ്ഞിരിക്കുന്നതൊക്കെ വാസ്തവമാണെന്നും സതീശൻ വ്യക്തമാക്കി.
ശിവരാജന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. എന്തിട്ട് എന്തായി? അതുകൊണ്ടാണ് കാലം നിങ്ങളുടെ മുന്നില്‍ വന്ന് കണക്ക് ചോദിക്കുമെന്ന് നിയമസഭയില്‍ പറഞ്ഞത്. ഇപ്പോള്‍ ഒരു സ്ത്രീ വന്ന് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ ആരോപണങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി സര്‍ക്കാറിനെ ഉലച്ച സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമീഷനെതിരായ പരാമര്‍ശങ്ങൾ ഉൾപ്പെട്ടതാണ് മുന്‍ ഡി.ജി.പി എ. ഹേമചന്ദ്രന്റെ ആത്മകഥ. സ്ത്രീപുരുഷ ബന്ധത്തിലെ മസാലക്കഥകൾ അന്വേഷിച്ച കമീഷൻ സദാചാര പൊലീസിന്‍റെ മാനസികാവസ്ഥയിലായിരുന്നെന്നും ‘നീതി എവിടെ’ എന്ന പേരിലെ ആത്മകഥയിൽ ഹേമചന്ദ്രന്‍ തുറന്നുപറയുന്നു.
സോളാര്‍ വിവാദത്തിൽ ആഭ്യന്തര അന്വേഷണ സംഘത്തെ നയിച്ചത് എ. ഹേമചന്ദ്രനാണ്. കമീഷന്റെ ഭാഗത്തു നിന്നുള്ള തമാശകൾ പോലും അരോചകമായിരുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനായിരുന്നു ശ്രമം. തട്ടിപ്പുകേസിലെ പ്രതികളെയായിരുന്നു കമീഷൻ തെളിവിനായി ആശ്രയിച്ചത്. കമീഷന്റെ മാനസികാവസ്ഥ പ്രതികൾ നന്നായി മുതലെടുത്തു.
അന്വേഷണ ഉദ്യോഗസ്ഥരുടേതടക്കം അന്തസ്സും മൗലികാവകാശവും ഹനിക്കുന്ന പെരുമാറ്റം കമീഷനിൽ നിന്നുണ്ടായി. തട്ടിപ്പുകേസിലെ പ്രതിയുടെ ആകൃതി, പ്രകൃതം, വസ്ത്രധാരണം എന്നിവയെ കുറിച്ചായിരുന്നു തെളിവെടുപ്പിലെ പ്രധാന ചോദ്യങ്ങൾ. ടെനി ജോപ്പന്റെ അറസ്റ്റ് വിവരം ഉമ്മൻ ചാണ്ടിയോ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ അറിഞ്ഞിരുന്നില്ല.
അറസ്റ്റിന്റെ പേരിൽ തിരുവഞ്ചൂരിന് നീരസമുണ്ടായിരുന്നു. അന്വേഷണ സംഘത്തിൽ നിന്ന് പിന്മാറാമെന്നറിയിച്ചപ്പോൾ വിലക്കിയത് തിരുവഞ്ചൂരായിരുന്നു. എല്ലാ അജണ്ടകളും അരങ്ങേറിയ ശബരിമലയിൽ പൊലീസിന് അടിതെറ്റി. നിരീക്ഷക സമിതി അംഗമെന്ന നിലയിൽ ശബരിമലയിലെ പൊലീസ് വീഴ്ച മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് അറിയിച്ചിരുന്നെന്നും ആത്മകഥയിലുണ്ട്.
അതേസമയം, മുൻമന്ത്രി സി. ദിവാകരന്‍റെ ‘കനൽവഴികളിലൂടെ’ ആത്മകഥയിലും വിവാദമായത് സോളാർ കേസായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തിലെ പരാമർശത്തിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെയും ഇഷ്ട ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തൽ എന്നതും ശ്രദ്ധേയമാണ്.