കൊച്ചി: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം അധാർമികമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സജി ചെറിയാന്രെ പ്രസംഗം ഭരണഘടനാവിരദ്ധമാണ്. ആ സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കേസിൽ വിജിലൻസ് അന്വേഷണം തൃപ്തികരം അല്ല. മുഖ്യമന്ത്രി റിപ്പോർട്ടിൽ കൈ കടത്തിയെന്നും വിഡി സതീശൻ ആരോപിച്ചു.
വിഷയം ഹൈകോടതിയുടെ പരിഗണയിൽ ആണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കോടതി കുറ്റവിമുക്തനാകാതെ സജി ചെറിയാനെ മന്ത്രിയാക്കരുത്. ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇപ്പോഴും അവ്യക്തതയുണ്ട്. കാര്യങ്ങൾ അപകടകരമായ നിലയിലേക്ക് പോവുകയാണ്. സർക്കാർ അടിയന്തിരമായി ഇടപെടണം.
ശശി തരൂരിന്റെ നായർ പ്രസ്താവനയിൽ പ്രതികരിക്കാനില്ലെന്ന് സതീശൻ വ്യക്തമാക്കി. ആ പ്രസ്താവനയെ ഇഷ്ടം പോലെ വ്യാഖ്യാനിക്കാം. തന്നെ മനപ്പൂർവം വലിച്ചിഴക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണ്. വിവാദങ്ങളുണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിക്കേണ്ട. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നേരത്തെ ഞങ്ങൾ ഉന്നയിച്ച ഉത്കണ്ഠകൾ ശരിയായി. പൊലീസിന് ജീപ്പിൽ പെട്രോൾ അടിക്കാൻ പണമില്ല. എന്നാൽ സംസ്ഥാന സർക്കാർ ധൂർത്ത് തുടരുകയാണ്. ജിഎസ്‌ടിക്ക് അനുസരിച്ച് നികുതി ഘടന മാറ്റണം. പാവങ്ങൾക്ക് സാമൂഹ്യ പെൻഷൻ പോലും കിട്ടുന്നില്ല. സാമ്പത്തിക സ്ഥിതിയിൽ സർക്കാർ ധവളപത്രം ഇറക്കണം. കോൺഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെപിസിസി നേതൃത്വത്തോട് ചോദിക്കണം. പ്രസംഗിച്ചാൽ മാത്രം പോരാ പ്രവർത്തിക്കണമെന്ന മുരളീധരന്റെ പരാമർശം എല്ലാ പ്രവർത്തകർക്കും ബാധകമെന്നും സതീശൻ പറഞ്ഞു.