കൊച്ചി : പറവൂര്‍ മാല്യങ്കരയിലെ മല്‍സ്യത്തൊഴിലാളിയുടെ ആത്മഹത്യ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഫോര്‍ട് കൊച്ചി ആര്‍ഡിഒ ഓഫിസിലെ ക്രമക്കേടുകളിലും അന്വേഷണം വേണം. ഇനിയൊരു സജീവന്‍ ഉണ്ടാവരുതെന്നും വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാല്യങ്കര കോയിക്കല്‍ സജീവനെ (57) ഇന്നലെ രാവിലെ 7 മണിയോടെയാണ് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വസ്ത്രത്തില്‍ നിന്നു മരണക്കുറിപ്പു ലഭിച്ചിരുന്നു. ഭൂമി തരം മാറ്റാനാകാതെയാണ് സജീവന്‍ ജീവനൊടുക്കിയത്. ഇതിനായി ആര്‍ഡിഒ ഓഫിസില്‍ പോയപ്പോള്‍ മോശം അനുഭവം ഉണ്ടായെന്നും ആത്മഹത്യ ചെയ്യേണ്ടിവരുമെന്നു വരെ ഉദ്യോഗസ്ഥരോടു അച്ഛന്‍ പറഞ്ഞതായും മകന്‍ പറഞ്ഞു.
ഭൂമി തരംമാറ്റലിന് ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫിസില്‍ നിന്ന് കോഴ ആവശ്യപ്പെട്ടതായുള്ള സജീവന്റെ കത്തും പുറത്തുവന്നു. വസ്ത്രത്തില്‍ നിന്നു ലഭിച്ച മരണക്കുറിപ്പില്‍ സംസ്ഥാന സര്‍ക്കാരാണു തന്റെ മരണത്തിന് ഉത്തരവാദി എന്നെഴുതിയിരുന്നതായി വാര്‍ഡ് അംഗവും ബന്ധുക്കളും പറഞ്ഞു.