തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരെ മാത്യു കുഴൽനാടൻ എംഎൽഎ ഉയർത്തിയ അടുത്ത ആരോപണവും വസ്തുതയ്‌ക്ക് മുന്നിൽ തകർന്നു. സിഎംആർഎൽ കമ്പനിക്ക് സാങ്കേതിക സഹായം നൽകിയതിന് സ്വീകരിച്ച പ്രതിഫലത്തിന് വീണ ഐജിഎസ്‌ടി അടച്ചതായി ജിഎസ്‌ടി കമീഷണർ ധനമന്ത്രിക്ക് റിപ്പോർട്ട് നൽകി.
വീണ വിജയന്റെ കമ്പനി പ്രതിഫലമായി വാങ്ങിയ 1.72 കോടി രൂപയ്‌ക്ക് ജിഎസ്‌ടി അടച്ചിട്ടില്ലെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം. ബംഗളുരുവിൽ രജിസ്റ്റർ ചെയ്‌തതാണ് എക്‌സാലോജിക് സൊല്യൂഷൻ എന്ന ഐടി കമ്പനി. കേരളത്തിലും കർണാടകത്തിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ജിഎസ്‌ടി കമീഷണർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഐജിഎസ്‌ടി അടച്ചതിന്റെ രേഖകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലാണ് വീണ 1.72 കോടി രൂപ കൈപ്പറ്റിയതായി പറഞ്ഞത്. ഇത് ഏറ്റുപിടിച്ച കുഴൽനാടനും പ്രതിപക്ഷവും ഇത് മുഖ്യമന്ത്രിയുടെ മകൾക്കുള്ള മാസപ്പടിയെന്ന് വ്യാഖ്യാനിച്ച് വിവാദമാക്കാൻ ശ്രമിച്ചു. അതിനിടെ ഐജിഎസ്‌ടി അടച്ചോയെന്ന ചോദ്യത്തിന് വിവരാവകാശപ്രകാരം നൽകിയില്ലെന്ന വാദവും മാത്യു കുഴൽനാടൻ ഉയർത്തി. വ്യക്തിഗത നികുതി വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകില്ലെന്ന വസ്തുത മറച്ചുവെച്ചായിരുന്നു കുഴൽനാടന്റെ പ്രചരണം. ജിഎസ്‌ടി അടച്ചുവെന്ന് തെളിഞ്ഞാൽ വീണയോട് മാപ്പ് പറയാമെന്നായിരുന്നു മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.