കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട പരാതിയിൽ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍റെ (എസ്.എഫ്.ഐ.ഒ) അന്വേഷണത്തിനെതിരെ കേരള വ്യവസായ വികസന കോർപറേഷൻ (കെ.എസ്.ഐ.ഡി.സി) നൽകിയ ഹരജി ഹൈകോടതി മേയ് 30ലേക്ക് മാറ്റി. നേരത്തെ നൽകിയതിൽ ചില ഭേദഗതികൾ വരുത്തി സമർപ്പിച്ച ഹരജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ എസ്.എഫ്.ഐ.ഒയോട് നിർദേശിച്ചാണ് ജസ്റ്റിസ് ടി.ആർ. രവി ഹരജി മാറ്റിയത്.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യുഷൻസ് എന്ന കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന പരാതിയിൽ നടക്കുന്ന എസ്.എഫ്.ഐ.ഒ അന്വേഷണത്തിന്‍റെ ഭാഗമായി കെ.എസ്.ഐ.ഡി.സിയിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത് ചോദ്യം ചെയ്താണ് ഹരജി.
എന്നാൽ, സി.എം.ആർ.എൽ കമ്പനി ഡയറക്ടർ ബോർഡിൽ തങ്ങളുടെ പ്രതിനിധിയുണ്ടെന്നതിനാൽ സി.എം.ആർ.എൽ നടത്തിയ ഇടപാടുകളെക്കുറിച്ച് കെ.എസ്.ഐ.ഡി.സിയും അറിയേണ്ടതാണെന്നും അന്വേഷണം നടത്തരുതെന്ന് പറയാനാകില്ലെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
സി.എം.ആർ.എല്ലിന്‍റെ ഇടപാടുകളെക്കുറിച്ച് അറിയില്ലെന്ന കെ.എസ്.ഐ.ഡി.സി വാദം അംഗീകരിക്കാനാകില്ലെന്നും അന്വേഷണം തുടരേണ്ടതുണ്ടെന്നുമാണ് എസ്.എഫ്.ഐ.ഒയുടെ വാദം.