തിരുവനന്തപുരം : പച്ചക്കറി സംഭരിച്ച വകയില്‍ ഹോര്‍ട്ടികോര്‍പ് സംസ്ഥാനത്തെ കര്‍ഷകര്‍ക്കു നല്‍കാനുള്ളത് 6 കോടി രൂപ. കോവിഡ് കാലത്ത് കൃഷി ചെയ്ത കര്‍ഷകരാണ് ദുരിതത്തിലായത്. കടം വാങ്ങിയാണ് പലരും കൃഷി ചെയ്തത്. ഒരു ലക്ഷം മുതല്‍ 12 ലക്ഷം വരെ രൂപ കുടിശിക നല്‍കാനുണ്ടെന്നു കര്‍ഷകര്‍ പറയുന്നു. ഹോര്‍ട്ടികോര്‍പ് അധികൃതര്‍ പണം നല്‍കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും പരാതി നല്‍കിയിട്ടും അവഗണിച്ചെന്നും കര്‍ഷകര്‍ ആരോപിച്ചു. മൊത്ത വിപണിയില്‍ കര്‍ഷകര്‍ എത്തിക്കുന്ന പച്ചക്കറികള്‍ അടിസ്ഥാന വിലയനുസരിച്ച് ലേലം വിളിക്കുകയാണ് പതിവ്. പച്ചക്കറി കച്ചവടക്കാര്‍ ലേലം ഉറപ്പിച്ച് സാധനങ്ങള്‍ എടുത്ത ശേഷം കര്‍ഷകര്‍ക്ക് അപ്പോള്‍ തന്നെ പണം നല്‍കും. ലേല ശേഷം ബാക്കി വരുന്ന പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പാണ് ഏറ്റെടുക്കുക. എല്ലാ ജില്ലകളില്‍ നിന്നും സംഭരിച്ച വകയിലാണ് 6 കോടി കുടിശിക.
ഇടുക്കിയിലെ കാന്തല്ലൂര്‍, വട്ടവട എന്നിവിടങ്ങളില്‍ നിന്നു വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, ഹോര്‍ട്ടികോര്‍പ് എന്നിവ മുഖേന ശീതകാല പച്ചക്കറി സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്കും കാന്തല്ലൂര്‍ ശീതകാല പച്ചക്കറി വിപണന സംഘത്തിനുമായി 40 ലക്ഷം രൂപയാണ് കുടിശികയുള്ളത്. പണം ഇല്ലാത്തതിനാലാണ് കര്‍ഷകര്‍ക്കു നല്‍കാന്‍ കഴിയാത്തതെന്നും കൈവശമുണ്ടായിരുന്ന പണം പച്ചക്കറി വില ഉയര്‍ന്നപ്പോള്‍ വില പിടിച്ചു നിര്‍ത്താന്‍ വിപണി ഇടപെടലിനായി ഉപയോഗിച്ചുവെന്നും ഹോര്‍ട്ടികോര്‍പ് എംഡി: ജെ.സജീവ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് 17 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നു കൃഷി വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.