നടക്കാവ്: മറ്റുള്ളവർക്ക് പ്രവേശനം നിഷേധിച്ച് ആർഎസ്എസ് നിയമം കൈയിലെടുക്കുന്നു. വെള്ളയിലെ തൊടിയിൽ റോഡാണ് ആർഎസ്എസ് വടം കെട്ടി പ്രവേശനം നിഷേധിച്ചത്. മഹിളാ അസോസിയേഷന്റെ പ്രതിഷേധ സംഗമം തടയാൻ പോലീസ് എത്തിയപ്പോഴാണ് സ്‌ത്രീകളുൾപ്പെടെയുള്ള ബിജെപി പ്രവർത്തകർ പ്രദേശത്ത് പൊതുവഴി തടഞ്ഞത്. മറ്റൊരു രാഷ്ട്രീയ പാർടിയെയും പ്രവർത്തിക്കാനനുവദിക്കില്ലെന്ന നിലപാടാണിവിടെ ആർഎസ്എസിന്.
ആർഎസ്എസ് വിട്ടതിന് ഒരു കുടുംബത്തിന് ഊരുവിലക്ക് ഏർപ്പെടുത്തിയ ബിജെപി വീടും കടയും സ്ത്രീകളെയും കുട്ടികളെയും അക്രമിക്കുകയും തൊടിയിൽ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കുകയും ചെയ്‌തു. സിപിഐ എം പ്രവർത്തകർ ജില്ലാ സമ്മേളന ഫണ്ട് പിരിക്കുന്നതിനിടെ ആക്രമിക്കുകയും ചെയ്‌തു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ മഹിളാ മാർച്ചിനെതിരെ പ്രകോപനമുണ്ടാക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് ആർഎസ്എസ് സംഘം സംഘടിച്ചെത്തി വെള്ളയിലെ വിവിധയിടങ്ങളിൽ ആയുധങ്ങളുമായി ക്യാമ്പ് ചെയ്‌തിരുന്നു. എട്ടോളം വാഹനങ്ങളിലെത്തിയ പോലീസ് സംഘം വെള്ളയിൽ റോഡിൽ മഹിളാ മാർച്ചിനെ തടഞ്ഞതിനെ തുടർന്ന് കുത്തിയിരുന്ന് പ്രതിഷേധം തുടർന്നു.