തിരുവനന്തപുരം: ഇടുക്കി കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതകത്തിന് പിന്നാലെ കേരളത്തിൽ ഇപ്പോൾ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് സിപിഎം ഗുണ്ടാ ആക്രമണമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. ജില്ലകൾ തോറും അക്രമം നടത്തി കേരളത്തെ ചോരക്കളമാക്കാനാണ് സിപിഎമ്മും പിണറായി സർക്കാരും ശ്രമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കേരളത്തിലുടനീളം വ്യാപക അക്രമം അരങ്ങേറിയിട്ടും മൗനം പുലർത്തുന്ന മുഖ്യമന്ത്രി അക്രമങ്ങൾക്ക് ഒത്താശ പകരുകയുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
രണ്ട് ദിവസത്തിനിടെ കേരളമാകെ കോൺഗ്രസ് ഓഫീസുകൾക്ക് നേരെയും കോൺഗ്രസ് പ്രവർത്തകർക്ക് നേരെയും വ്യാപക അക്രമമുണ്ടായി. ജനപ്രതിനിധികളെ പോലും പോലീസിന്റെ ഒത്താശയോടെ കയ്യേറ്റം ചെയ്യാനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നത്. മൂവാറ്റുപുഴയിൽ മാത്യു കുഴൽ നാടന് നേരെയും കായംകുളത്തു യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അരിത ബാബുവിനെതിരെയും പോലീസ് ഒത്താശയോടെ സിപിഎം പ്രവർത്തകരും പോലീസും അക്രമമഴിച്ചു വിടുകയുണ്ടായി. സപിഎമ്മിന്റെ മുതിർന്ന നേതാക്കൾ വരെ കെ പി സി സി അധ്യക്ഷനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും സാമൂഹ്യമാധ്യമങ്ങൾ വഴി കരിവരിതേക്കാനും മത്സരിക്കുകയാണ്. കെപിസിസി അധ്യക്ഷനെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നത് നോക്കി നിൽക്കില്ലെന്നും പാർട്ടി ഒറ്റക്കെട്ടായി സുധാകരന് പിന്തുണ നൽകുമെന്നും വേണുഗോപാൽ പറഞ്ഞു.
തളിപ്പറമ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ രാഷ്ട്രപിതാവിന്റെ സ്തൂപം പോലും തകര്‍ത്തെറിഞ്ഞു. തീവ്രവലതു പക്ഷത്തെ പ്പോലും ലജ്ജിപ്പിക്കുന്ന വിധത്തിലാണ് മഹാത്മജിയുടെ പ്രതിമയെ സിപിഎം അക്രമികള്‍ വികൃതമാക്കിയത്. കായംകുളത്തുൾപ്പെടെ സംസ്ഥാനത്തുടനീളം കോൺഗ്രസ് പാർട്ടി ഓഫിസുകളും കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടു. സംസ്ഥാനമൊട്ടാകെ പോലീസിനെ നോക്കുകുത്തിയാക്കി നടക്കുന്ന അക്രമങ്ങൾക്ക് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ പിന്തുണയുണ്ട്. രണ്ട് ദിവസമായി നടക്കുന്ന അക്രമണങ്ങൾ തടയാൻ പോലീസ് എന്ത് നടപടിയെടുത്തുവെന്നും വേണുഗോപാൽ ചോദിച്ചു.
കൊലപാതക-അക്രമ രാഷ്ട്രീയത്തെ ഒരിക്കലും കോൺഗ്രസ് പാർട്ടി പ്രോത്സാഹിപ്പിക്കില്ല. ഇടുക്കിയിൽ സംഭവിച്ചത് അങ്ങേയറ്റം നിർഭാഗ്യകരമായ സംഭവമാണ്. അതിൽ നിയമ പരമായ നടപടികൾ നടക്കട്ടെയെന്നും തെറ്റ് ചെയ്തവർ ശിക്ഷയ്ക്കപ്പെടണമെന്നും പാർട്ടി വ്യക്തമാക്കിയതാണ്. പൊളിറ്റിക്കൽ ക്രിമിനലിസം എല്ലായിടത്തും കമ്മ്യൂണിസ്റ്റുകാരുടെ കുത്തകയാണ് . ആ കുത്തക അവർ തന്നെ കയ്യടക്കി വെച്ചോട്ടെയെന്നും അതിന്റെ പങ്ക് കോൺഗ്രസ് പാർട്ടിക്ക് ചാർത്തി തരാൻ മിനക്കെടേണ്ടതില്ലെന്നും വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസിനെതിരെ നടത്തുന്ന ഗുണ്ടാ ആക്രമണം സിപിഎം അവസാനിപ്പിക്കണം. പാർട്ടി ഓഫീസുകൾ നശിപ്പിച്ചും നേതാക്കന്മാരെ തെറിപറഞ്ഞും പ്രവർത്തകരെ തല്ലിയുമല്ല രാഷ്ട്രീയ പ്രതിഷേധം പ്രകടിപ്പിക്കേണ്ടത്. കയറൂരി വിട്ട ക്രിമിനലുകളെ സി പി എം നിലക്ക് നിർത്തണമെന്നും അധികാരത്തിന്റെ ഹുങ്ക് കോൺഗ്രസിന്റെ നെഞ്ചത്തല്ല കാണിക്കേണ്ടതെന്നും വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.