കൊല്‍ക്കത്ത : സമാന്തര സിനിമയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നി (83) വിടവാങ്ങി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ജനപ്രിയ സിനിമയുടെ ട്രാക്കില്‍ നിന്നും മാറിനടന്ന സമാന്തര ചലച്ചിത്രകാരനാണ് സാഹ്നി. തൊഴിലാളിവര്‍ഗ ബോധ്യങ്ങളും ധൈഷണിക സമീപനങ്ങളും കൊണ്ട് സമ്പന്നമായിരുന്നു അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍. 1972ല്‍ പുറത്തുവന്ന മായാദര്‍പ്പണാണ് ആദ്യ ചിത്രം. തരംഗ്, ഖയാല്‍ ഗാഥ, കസ്‌ബ തുടങ്ങി പരീക്ഷണ ചിത്രങ്ങളുടെ നീണ്ടനിര.
1997ല്‍ ടഗോറിന്‍റെ ഛാര്‍ അധ്യായ് എന്ന നോവലിന്‍റെ ചലച്ചിത്ര ആവിഷ്കാരം ഏറെ ശ്രദ്ധനേടി. 1940ല്‍ സിന്ധിലെ ലര്‍ക്കാനയില്‍ ജനിച്ച കുമാര്‍ സാഹ്നി പിന്നീട് മുംബൈ തട്ടകമാക്കി. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷം പ്രശസ്ത സംവിധായകന്‍ റിത്വിക് ഘട്ടക്കിന്‍റെ പ്രിയ ശിഷ്യരില്‍ ഒരാളായി. റിത്വിക്കിന്‍റെ ശൈലി സാഹ്നിയുടെ ചിത്രങ്ങളില്‍ പ്രതിഫലിച്ചിട്ടുണ്ട്. മായാദര്‍പ്പണിന് മികച്ച ഹിന്ദി സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ആറ് പതിറ്റാണ്ട് നീണ്ട ചലച്ചിത്രജീവിതം. അധ്യാപകന്‍ എഴുത്തുകാരന്‍ എന്നി നിലകളിലും വ്യക്തിമുദ്രപതിപ്പിച്ച അസാധാരണ വ്യക്തിത്വമാണ് വിടവാങ്ങുന്നത്.